Crime News

യുവതികളെ പീഡിപ്പിച്ച് ആഭരണം കവരുന്ന തട്ടിപ്പുകാരന്‍ പിടിയില്‍

Posted on: 14 Jul 2015


മഞ്ചേരി: വിവാഹവാഗ്ദാനംനല്‍കി യുവതികളെ പീഡിപ്പിച്ചശേഷം ആഭരണം തട്ടിയെടുത്തുമുങ്ങുന്ന യുവാവിനെ മഞ്ചേരി പോലീസ് പിടികൂടി.
മുപ്പതോളം വിവാഹത്തട്ടിപ്പുകേസുകളിലെ പ്രതിയായ പട്ടാമ്പി വല്ലപ്പുഴ കിഴക്കേപട്ടത്തൊടി മജീദിനെയാണ് (പുത്യാപ്ലൂമജീദ്-29) എസ്.ഐ. പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പത്രത്തിലെ വിവാഹപരസ്യം കണ്ട് യുവതിയുടെ നമ്പറിലേയ്ക്കുവിളിച്ച ഇയാള്‍ തന്റെ ഭാര്യ മരിച്ചതാണെന്നും ഒരു കുട്ടിയുണ്ടെന്നും പറഞ്ഞു. സ്ത്രീധനം വേണ്ടെന്നും കുട്ടിയെ നന്നായി നോക്കിയാല്‍ മതിയെന്നുമാണ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയി പള്ളി സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഒരാളുടെ സാന്നിധ്യത്തില്‍ നിക്കാഹ് ചെയ്തു. സ്വര്‍ണമെന്ന് ധരിപ്പിച്ച് മുക്കുംപണ്ടം മഹറായി നല്‍കി. പിന്നീട് യുവതിയുടെ മൂന്നുപവന്റെ പാദസരത്തിനു പകരം അഞ്ചുപവന്റേത് നല്‍കി. ഇതും മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. ഒരുദിവസം ഒന്നിച്ചു താമസിച്ചതിനുശേഷം ആഭരണങ്ങളും 1000 രൂപയും കവര്‍ന്ന് ഇയാള്‍ മുങ്ങുകയായിരുന്നു.
സുഹൃത്തിന് അപകടംപറ്റിയെന്നു പറഞ്ഞാണ് കൂട്ടുകാരുടെ കാറില്‍കയറി മജീദ് പോയത്. തൊട്ടടുത്തദിവസം ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തപ്പോഴാണ് തട്ടിപ്പുനടന്നതായി യുവതിയ്ക്ക് മനസ്സിലായത്.
പത്രപരസ്യത്തിലെ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മജീദിനെ തിരിച്ചറിഞ്ഞത്. വനിതാ സി.പി.ഒ. യെ ഉപയോഗിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തി പ്രതിയെ കുടുക്കാന്‍ ശ്രമിച്ചെങ്കിലും വിവരം മണത്ത് ഇയാള്‍ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം കാടാമ്പുഴ മോഴാനി കോളനിയില്‍ രണ്ടാംഭാര്യയുടെ അടുത്തെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് ഓടുന്നതിനിടയില്‍ ഇയാള്‍ക്ക് കാലിന് പരിക്കേറ്റു.
2009 മുതല്‍ ഇയാള്‍ തട്ടിപ്പുനടത്തിവരികയാണെന്ന് പോലീസ് പറയുന്നു. വടക്കാഞ്ചേരി, മേലാറ്റൂര്‍, മഞ്ചേരി, വാഴക്കാട്, കോട്ടയ്ക്കല്‍, വളാഞ്ചേരി, പൊന്നാനി, എറണാകുളം, കളമശ്ശേരി, നാട്ടുകല്‍, കോഴിക്കോട്, നല്ലളം, തളിപ്പറമ്പ്, കടുത്തുരുത്തി, ചിറയിന്‍കീഴ്, കസബ, വളപട്ടണം, പെരിന്തല്‍മണ്ണ തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതിയ്‌ക്കെതിരെ കേസുണ്ട്. തട്ടിപ്പ്, സ്ത്രീപീഡനം, മോഷണം എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. ആറുമാസം മുമ്പാണ് കോഴിക്കോട് ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപ്രതികളെയും പോലീസ് തിരയുന്നുണ്ട്. മോഷ്ടിച്ചസ്വര്‍ണം കോഴിക്കോട് ജുവലറിയില്‍ വില്പന നടത്താന്‍ സഹായിച്ചത് ഇവരാണ്.
കരിപ്പൂരില്‍ ഫ്‌ലാറ്റില്‍ മുറിയെടുത്ത് ആഡംബരജീവിതം നയിക്കുന്നസംഘം ഇന്റര്‍നെറ്റുവഴി പരസ്യംചെയ്ത് നിരവധി സ്ത്രീകളെ പറ്റിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. വിധവകളും വിവാഹമോചിതരുമാണ് പ്രധാന ഇരകള്‍. അറസ്റ്റിലായാല്‍ ജാമ്യത്തിലിറക്കാനും പ്രത്യേകസംഘമുണ്ട്. മഞ്ചേരി സി.ഐ. സണ്ണിചാക്കോ, എസ്.ഐമാരായ പി. വിഷ്ണു, ഗംഗാധരന്‍, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എം. അസൈനാര്‍, പി. സഞ്ജീവ്, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, രാജേഷ് തിരൂര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

 




MathrubhumiMatrimonial