Crime News

പി.എന്‍.ബി ലോക്കര്‍ കേസ്: രണ്ടുകേസുകളില്‍കൂടി തുമ്പുണ്ടാക്കാന്‍ ശ്രമം

Posted on: 13 Jul 2015


കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട്ടെ മെയിന്‍ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ട മൂന്ന് കേസുകളില്‍ രണ്ടെണ്ണത്തില്‍ കൂടി തുമ്പുണ്ടാക്കാന്‍ െ്രെകംബ്രാഞ്ച് ശ്രമം തുടങ്ങി. ഇതിനായി ഇതിലൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബാങ്കിലെ ക്ലര്‍ക്ക് പുതിയറ സ്രാമ്പിക്കല്‍ പറമ്പ് 'അച്യുത'ത്തില്‍ അനില്‍കുമാറിനെ (53) കസ്റ്റഡിയില്‍ വാങ്ങാന്‍ െ്രെകംബ്രാഞ്ച് കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും.

കോഴിക്കോട്ടെ ഇപ്പോഴത്തെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡി. സാലിയുടെ മകളുടെയും മരുമകളുടെയും 65 പവന്റെ ആഭരണം, മിഠായിത്തെരുവിലെ വസന്തഭവന്‍ ഹോട്ടല്‍ മാനേജര്‍ ശരവണന്റെ 24 പവന്റെ ആഭരണം എന്നിവ കവര്‍ന്ന കേസിലാണ് ഇനി തുമ്പുണ്ടാകാനുള്ളത്. ബാങ്കിലെ 80ാം നമ്പര്‍ ലോക്കറില്‍ നിന്ന് 43 പവന്‍ നഷ്ടപ്പെട്ട കല്ലായി മേലെരിപ്പാടം സ്വദേശിയും പ്രവാസിയുമായ മുസ്തഫയുടെ കേസില്‍ മാത്രമാണ് ഇപ്പോള്‍ പുരോഗതി ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് കേസിലുമായി ഇനിയും 124 പവന്‍ സ്വര്‍ണം കണ്ടുകിട്ടാനുണ്ട്. ഇവ വീണ്ടുകിട്ടാനുള്ള നടപടിയുടെ ഭാഗമായാണ് പ്രതിയായ അനില്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

പ്രതിയെ ചോദ്യം ചെയ്യുന്നതോടൊപ്പം ഇയാളുടെയും ഭാര്യയുടെയും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ പണ ഇടപാടുകളും വസ്തുഇടപാടുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുമുണ്ട്. ഇപ്പോള്‍ കണ്ടെടുത്ത എട്ടുപവന്‍തന്നെ, പ്രതി ഭാര്യ മിനി റാണിയുടെ പേരില്‍ പി.എന്‍.ബി.യില്‍ പണയം വെച്ചതായിരുന്നു.

2012 നവംബര്‍ രണ്ടിനാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി വ്യക്തമായത്. മൂന്ന് കേസുകളിലായി 132 പവന്റെ സ്വര്‍ണാഭരണം ലോക്കറില്‍നിന്ന് നഷ്ടപ്പെട്ടതാണ് ഇപ്പോള്‍ െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ബാങ്കിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് ലോക്കറിന്റെ സമീപം പലതവണ പ്യൂണും മാനേജര്‍ തസ്തികയിലുള്ള ജീവനക്കാരനും എത്തിയതായി കണ്ടെത്തിയിരുന്നു. പ്യൂണിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇയാളില്‍നിന്ന് കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചില്ല. ടൗണ്‍ സി.ഐ. ടി.കെ. അഷ്‌റഫാണ് ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചിരുന്നത്.

 

 




MathrubhumiMatrimonial