Crime News

റോഡില്‍ വീണ് കിടക്കുന്നവരെ കസ്റ്റഡിയിലെടുക്കുംമുമ്പ് വൈദ്യപരിശോധന

Posted on: 13 Jul 2015


തിരുവനന്തപുരം: റോഡില്‍ വീണുകിടക്കുന്ന വ്യക്തികളെ വൈദ്യപരിശോധന കൂടാതെ രാത്രിയില്‍ പോലിസ്സ്‌റ്റേഷനുകളില്‍ കസ്റ്റഡിയില്‍ വെയ്ക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെയും ആരെങ്കിലുമായി കലഹിച്ച് ദേഹോപദ്രവം ഏറ്റിട്ടുള്ളവരെയും രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ കാണിക്കാതെ പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ വെയ്ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേരള പോലീസ് ആക്ട് 2011 വകുപ്പ് 47 പ്രകാരം ചിത്തരോഗികള്‍, മദ്യപാനികള്‍ (ലഹരിക്കടിമപ്പെട്ടവര്‍), മാനസിക വിഭ്രാന്തി കാണിക്കുന്നവര്‍, അസുഖമുള്ളവര്‍ എന്നിവരെ ഏത് വിധത്തില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരം വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ വെയ്ക്കുന്നതിനു മുന്‍പായി അടുത്തുള്ള ആശുപത്രിയില്‍ കാണിച്ച് പ്രത്യേകമായി എന്തെങ്കിലും പരിക്കോ, അസുഖമോ ഇല്ല എന്ന് ഉറപ്പാക്കണം. അത് ചെയ്യാതെ നേരിട്ട് ഇത്തരം വ്യക്തികളെ കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ പലപ്പോഴും പരിക്ക് മൂലമോ, അസുഖം മൂലമോ ഉള്ള കാരണങ്ങളാല്‍ അത്തരം വ്യക്തികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതിനാല്‍ ഇത്തരം വ്യക്തികളെ കേരള പോലീസ് ആക്ട് പ്രകാരം ഒരു ഡോക്ടറെ കാണിച്ച് ആവശ്യമെങ്കില്‍ ആശുപത്രിയില്‍ തന്നെ സൂക്ഷിക്കണം. ഈ വിധത്തില്‍ മാത്രമാണ് ഇത്തരം വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അതത് ദിവസം തന്നെ ഉറപ്പാക്കണം. അല്ലാതെയുള്ള രീതിയില്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. ജില്ലാ പോലീസ് മേധാവി ഇക്കാര്യത്തില്‍ അടിയന്തരമായ തുടര്‍നടപടികള്‍ എടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

 

 




MathrubhumiMatrimonial