Crime News

ചെറുമകളെ തീകൊളുത്തി കൊന്നകേസില്‍ മുത്തശ്ശിക്ക് നാലുവര്‍ഷം കഠിനതടവ്‌

Posted on: 11 Jul 2015



തൊടുപുഴ:
ചെറുമകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശിക്ക് നാലുവര്‍ഷം കഠിനതടവ്. കോലാനി പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ ശെല്‍വന്റെ മകള്‍ ദേവി(13) കൊല്ലപ്പെട്ട കേസിലാണ് ശെല്‍വന്റെ അമ്മ ഭവാനിയെ(70) തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ജോര്‍ജ് ഉമ്മന്‍ ശിക്ഷിച്ചത്. പത്തുവര്‍ഷംവരെ തടവു കിട്ടാവുന്ന കേസില്‍, പ്രായവും സാമൂഹികപിന്നാക്കാവസ്ഥയും പരിഗണിച്ചാണ് ശിക്ഷ നാലുവര്‍ഷമായി ചുരുക്കിയത്. 2013 മാര്‍ച്ച് മൂന്നിന് വൈകീട്ട് നാലോടെയാണ് സംഭവം ഉണ്ടായത്.

വീട്ടുജോലികള്‍ ചെയ്യാതെ ദേവി ടി.വി. കണ്ടതാണ്, അരുംകൊലചെയ്യാന്‍ ഭവാനിയെ പ്രേരിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ഭവാനി, പൈട്ടന്നുണ്ടായ അരിശത്തില്‍ മണ്ണെണ്ണയെടുത്ത് ദേവിയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ദേവിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. എറണാകുളത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ നാല്പതാംദിവസം കുട്ടി മരിച്ചു.

ഭവാനിയും ദേവിയും വര്‍ഷങ്ങളായി കോലാനി പാറക്കടവ് കോളനിയിലാണ് താമസിച്ചിരുന്നത്. ദേവി ജനിച്ച് ഒന്നരമാസമായപ്പോള്‍ അമ്മ കുട്ടിയെ ഉപേക്ഷിച്ച് പോയി. അച്ഛന്‍ ശെല്‍വന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് തമിഴ്‌നാടിനു പോയി. തുടര്‍ന്ന്, മുത്തശ്ശിയായ ഭവാനിയുടെ സംരക്ഷണയിലാണ് കുട്ടി വളര്‍ന്നത്. എട്ടാംക്ലാസ്സുവരെ പഠിച്ച ദേവി, ഈ സംഭവത്തിനു രണ്ടുമാസംമുമ്പ് പഠനം നിര്‍ത്തിയിരുന്നു. തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസ് അന്വേഷണം നടത്തിയ കേസിലെ സാക്ഷിപ്പട്ടികയില്‍ 20 പേരാണുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോളി ജെയിംസ് വട്ടക്കുഴി ഹാജരായി.

 

 




MathrubhumiMatrimonial