Crime News

കള്ളന്‍മാരെ പിടിക്കാന്‍ പോയാലും അതിവേഗത്തിന് പിഴ

Posted on: 11 Jul 2015



പോലീസ് ഡ്രൈവര്‍മാര്‍ക്ക് 'അശുഭ' യാത്ര


കാസര്‍കോട്: അതിവേഗം തടയാന്‍ സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ പോലീസിനുതന്നെ പാരയാകുന്നു. കുറ്റവാളികളെ 'ചേസ്' ചെയ്ത പോലീസ് വാഹനങ്ങള്‍ ക്യാമറയില്‍ കുടുങ്ങുന്നു. കള്ളനെ പിടിക്കാന്‍ പോവുമ്പോള്‍ അതിവേഗത്തിന് പോലീസ് വണ്ടികള്‍ക്കും പിഴ ഇട്ടു തുടങ്ങി. ഏമാന്‍മാര്‍ക്കുവേണ്ടി വണ്ടി 'ചവിട്ടി' പിടിക്കുമ്പോള്‍ അതാത് ദിവസം ഡ്രൈവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍മാരോ സിവില്‍ പോലീസ് ഓഫീസര്‍മാരോ ആണ് പിഴയടയ്‌ക്കേണ്ടതെന്നു മാത്രം. നിരന്തരം നോട്ടീസുകള്‍ വരാന്‍ തുടങ്ങിയതോടെ പോലീസ് ഡ്രൈവര്‍മാര്‍ ഇനി 'ചേസിനും' 'എസ്‌കോര്‍ട്ടി'നും മെല്ലെപ്പോക്ക് മതിയെന്ന തീരുമാനത്തിലാണ്.

സംസ്ഥാനത്ത് ഇരുന്നൂറിലേറെ പോലീസ് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ ഈ രീതിയില്‍ നോട്ടീസ് ലഭിക്കുകയും 400 രൂപ വീതം പിഴ അടയ്ക്കുകയും ചെയ്തു. ആലപ്പുഴ, എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം നോട്ടീസ് ലഭിച്ചത്. എറണാകുളം ജില്ലയില്‍ ആറും ഏഴും തവണ പിഴയടച്ച പോലീസ് ഡ്രൈവര്‍മാരുണ്ട്. കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളിലാണ് കുറവ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

കള്ളക്കടത്ത് വാഹനങ്ങള്‍, മോഷ്ടാക്കളുടെ വാഹനങ്ങള്‍, മണല്‍ ലോറികള്‍ എന്നിവ അടിച്ച് മിന്നിച്ച് പോകുമ്പോള്‍ അതിനേക്കാള്‍ സ്പീഡില്‍ പറന്നാല്‍ മാത്രമേ പിടിക്കാനാകൂ. പരിപാടികള്‍ക്ക് വൈകിയെത്തുന്ന മന്ത്രിമാരെ സ്ഥലത്തെത്തിക്കാനും നൂറേ നൂറില്‍ എസ്‌കോര്‍ട്ട് ആയി പറപ്പിക്കേണ്ട ഗതികേടിലാണ് പോലീസ് ഡ്രൈവര്‍മാര്‍. എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടായാലും അപകടങ്ങളില്‍ പെടുന്നവരെ ആസ്പത്രിയിലെത്തിക്കാനും പോലീസ് വാഹനങ്ങള്‍ക്ക് വേഗത്തില്‍ പോകാതെ തരമില്ല.

അതിവേഗക്കാരെയും അലക്ഷ്യമായി വാഹനമോടിക്കുന്നവരെയും കൈയോടെ പിടികൂടുന്നതിനാണ് കേരള പോലീസ് കെല്‍ട്രോണ്‍ മുഖാന്തിരം ക്യാമറ നിരീക്ഷണ പദ്ധതി നടപ്പാക്കിയത്. അതിവേഗത്തിലും അപകടകരമായവിധത്തിലും ഓടുന്ന വാഹനങ്ങളെ നിരീക്ഷിച്ച് വിവരം തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിലെ ഹൈടെക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. അവ പരിശോധിച്ച് വാഹന ഉടമകളെ സംബന്ധിച്ച വിവരശേഖരത്തിന്റെ സഹായത്തോടെ വാഹന ഉടമയെ കണ്ടെത്തി പിഴ ഈടാക്കുന്നതാണ് സംവിധാനം. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മറ്റ് നിയമനടപടികളുണ്ടാവും.
അതിവേഗത്തിന് പോലീസ് ജീപ്പുകള്‍ ഈ ക്യാമറകളില്‍ കുടുങ്ങുന്നത് പുതിയ സംഭവമല്ല. സംസ്ഥാനത്തെ എല്ലാ പോലീസ് വാഹനങ്ങളുടെയും ഔദ്യോഗിക ഉടമസ്ഥന്‍ ഡി.ജി.പി. ആണെന്നതിനാല്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്കാണ് നോട്ടീസ് അയയ്ക്കുക. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് അതിവേഗത്തില്‍ പോകേണ്ടിവരുന്നതെന്നതിനാല്‍ നോട്ടീസ് ഡി.ജി.പി. ഓഫീസില്‍ സൂക്ഷിക്കുകയായിരുന്നു പതിവ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിവേഗത്തിന് വരുന്ന നോട്ടീസുകള്‍ അതാത് ദിവസം ഡ്യൂട്ടിയിലുള്ള പോലീസ് ഡ്രൈവര്‍മാരെ തേടിയാണ് വരുന്നത്. പോലീസില്‍ ആളു കുറവായതിനാല്‍ ചിലയിടങ്ങളില്‍ സിവില്‍പോലീസ് ഓഫീസര്‍മാരാണ് ഡ്രൈവിങ് ഡ്യൂട്ടിയിലുണ്ടാവാറ്. ഡി.ജി.പി. ഓഫീസില്‍ നിന്ന് ജില്ലാ പോലീസ് മേധാവി മുഖാന്തരമാണ് ഡ്യൂട്ടി ഡ്രൈവര്‍മാരെ കണ്ടെത്തുന്നത്. എന്തു ചെയ്യണമെന്ന് മേലുദ്യോഗസ്ഥനോട് ചോദിച്ചാല്‍ പിഴ അടയ്ക്കാതെ തരമില്ലെന്നാണ് മറുപടി ലഭിക്കുക.

 

 




MathrubhumiMatrimonial