Crime News

തകഴിയില്‍ ഷാപ്പുതൊഴിലാളിയെ കൊന്നു ഫ്രിഡ്ജില്‍ വെച്ചനിലയില്‍; അസം സ്വദേശിയെ തിരയുന്നു

Posted on: 11 Jul 2015


തകഴി: തകഴിയില്‍ ഷാപ്പുതൊഴിലാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിനുള്ളില്‍ ഒടിച്ചുമടക്കി വെച്ചനിലയില്‍. രാമങ്കരി മിത്രക്കരി വലിയപറമ്പില്‍ രാമചന്ദ്ര(64)നാണ് കൊല്ലപ്പെട്ടത്.പാചകത്തൊഴിലാളിയായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു. ഉപയോഗിക്കാത്ത ഫ്രിഡ്ജിനുള്ളിലെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്.

ഇതുമായി ബന്ധപ്പെട്ട് ഷാപ്പിലെ സഹായിയായ അസം സ്വദേശി ആകാശ് ദീപിനെ പോലീസ് തിരയുന്നു. കഴിഞ്ഞരാത്രി രാമചന്ദ്രനൊപ്പം ഉണ്ടായിരുന്ന ഇയാളെ സംഭവത്തിനുശേഷം കാണാതായി. രാമചന്ദ്രന്റെ പക്കലും ഷാപ്പിലെ മേശയിലും ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടുണ്ട്.തകഴി പാലത്തിന് കിഴക്ക് കേളമംഗലം 101-ാം നമ്പര്‍ ഷാപ്പിലാണ് സംഭവം. രാമചന്ദ്രനും അസം സ്വദേശിയും ഷാപ്പിലാണ് കിടന്നുറങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ ഷാപ്പ് നടത്തിപ്പുകാര്‍ എത്തിയപ്പോള്‍ രാമചന്ദ്രനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടില്‍ വിളിച്ചന്വേഷിച്ചു. അവിടെ ചെന്നില്ലെന്ന് അറിഞ്ഞതോടെ എടത്വ പോലീസിനെ അറിയിച്ചു. പോലീസ് എത്തിയാണ് ഷാപ്പ് തുറന്നത്. പലക തറച്ചുണ്ടാക്കിയ ഷാപ്പിന്റെ അടുക്കളയോടുചേര്‍ന്നുള്ള മുറിയില്‍ നിലത്ത് മറിച്ചിട്ടിരുന്ന ഫ്രിഡ്ജില്‍ രാമചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടില്‍ പാചകജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ ഏതാനും മാസം മുന്‍പാണ് ഇവിടെ ജോലിക്ക് കയറിയത്. ആഴ്ചയില്‍ ഒരിക്കലാണ് വീട്ടില്‍ പോകുക. അസം സ്വദേശി പത്തുദിവസം മുന്‍പാണ് ഇവിടെ ജോലിക്ക് കയറിയത്. 25 വയസ്സ് തോന്നുന്ന ഇയാളെപ്പറ്റി മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

മാന്നാര്‍ സി.ഐ. ആര്‍.ബിജു, എടത്വ എസ്.ഐ. എസ്. ശ്രീകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മിണിയാണ് ഭാര്യ. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍, മായ. മരുമക്കള്‍: അംബിക, ഉണ്ണി.
അസം സ്വദേശി വെള്ളിയാഴ്ച പുലര്‍ച്ചെ 2.10ന് അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് തിരുവനന്തപുരം ഭാഗത്തേക്ക് പോയതായാണ് വിവരം. പോലീസ് നായയും വിരലടയാളവിദഗ്ധരും ഷാപ്പിലെത്തി തെളിവെടുത്തു.

 

 




MathrubhumiMatrimonial