
മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്തുകൊന്നു
Posted on: 10 Jul 2015

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഫഹദ് പഠിക്കുന്നത്. സഹോദരി ഷഹലയ്ക്കും ഇതേ സ്‌കൂളില്‍ ഒമ്പതാംതരത്തില്‍ പഠിക്കുന്ന അബ്ദുള്‍അനസിനുമൊപ്പമാണ് ഫഹദ് സ്‌കൂളിലേക്ക് പോയത്. സ്‌കൂളിനും വീടിനും മധ്യേയുള്ള ചാന്തന്‍മുള്ള് എന്ന സ്ഥലത്തെത്തിയപ്പോള്‍ കുട്ടികളുടെ അടുത്തേക്ക് വിജയന്‍ കത്തിയുമായി ചാടിവീഴുകയായിരുന്നു. കാലിന് വൈകല്യമുള്ളതിനാല്‍ മറ്റുരണ്ടുപേരുടെയും പിറകിലായാണ് ഫഹദ് നടന്നത്. ചാടിവീണ അക്രമി ഫഹദിന്റെ കഴുത്തിന്റെ പിന്‍ഭാഗത്ത് വെട്ടി. അവന്റെ നിലവിളികേട്ട് മറ്റുരണ്ടുപേരും തിരിച്ചെത്തിയെങ്കിലും അക്രമി കത്തിവീശി ഓടിച്ചു. അതിനുശേഷം ഫഹദിനെ അവന്റെ ചുമിലിലിട്ട സ്‌കൂള്‍ ബാഗ് വലിച്ചുപിടിച്ച് കഴുത്തറുത്തുകൊന്നു.
ഓടിപ്പോയ കുട്ടികള്‍ സമീപത്തെ പറമ്പിലെ തൊഴിലാളികളെ വിവരമറിയിച്ചു. അവര്‍ കുതിച്ചെത്തിയപ്പോഴേക്കും കത്തി വലിച്ചെറിഞ്ഞ് അക്രമി കടന്നുകളഞ്ഞിരുന്നു. നാടൊട്ടുക്കും തിരച്ചില്‍നടത്തിയ നാട്ടുകാര്‍ ഏതാനും സമയത്തിനുള്ളില്‍ തൊട്ടടുത്ത പ്രദേശമായ ബിരിക്കുളത്തുനിന്ന് പ്രതിയെ പിടികൂടി വൈദ്യുതത്തൂണില്‍ കെട്ടിയിട്ടു. രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും പോലീസെത്തി അറസ്റ്റുചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ഹരിശ്ചന്ദ്ര നായ്ക്കും സ്ഥലത്തെത്തി. പരിയാരം മെഡിക്കല്‍കോളേജില്‍ പോസ്റ്റുേമാര്‍ട്ടം നടത്തി. കല്ല്യോട്ട് സ്‌കൂളില്‍ പൊതുദര്‍ശനത്തിനുെവച്ച മൃതദേഹം പാറപ്പള്ളി ജുമാമസ്ജിദില്‍ ഖബറടക്കി. സംഭവത്തെത്തുടര്‍ന്ന് പുല്ലൂര്‍പെരിയ ഗ്രാമപ്പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. ഫഹദിന്റെ മറ്റു സഹോദരങ്ങള്‍: സൗദ, സഹദ്, ഉമൈര്‍, മെഹ്‌റ.
