Crime News

ബാര്‍ കോഴ: മാണിക്കെതിരെയുള്ള കണ്ടെത്തല്‍ ഒഴിവാക്കാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

Posted on: 08 Jul 2015


തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്‍ ദൂതന്‍ വഴി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. മന്ത്രി മാണിക്കെതിരെയുള്ള ചില കണ്ടെത്തലുകള്‍ ഒഴിവാക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ബുധനാഴ്ച പരിഗണിക്കും.
മന്ത്രിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ തെളിവുകള്‍ ദുര്‍ബലമാണെന്നും അവ ഒഴിവാക്കണമെന്നുമായിരുന്നു നിയമോപദേശം. ദുര്‍ബലമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് അന്തിമറിപ്പോര്‍ട്ടില്‍ അവ ഉള്‍പ്പെടുത്തിയത്. മന്ത്രി മാണിക്കെതിരെ തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് എസ്.പി. കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എസ്.പി.യുടെ വസ്തുതാറിപ്പോര്‍ട്ടും നിയമോപദേശവും പരിഗണിച്ചശേഷമാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാവുന്നതാണെന്ന ആര്‍. സുകേശന്റെ കണ്ടെത്തലിനെ ഡയറക്ടര്‍ തള്ളിക്കളഞ്ഞിരുന്നു.
അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ ഏഴ്, 13(1) ഡി എന്നീ വകുപ്പുകള്‍പ്രകാരം ഔദ്യോഗികപദവി ഉപയോഗിച്ച് കോഴ ആവശ്യപ്പെട്ടതിനും കോഴവാങ്ങിയതിനും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താലാണ് കുറ്റപത്രം വേണ്ടെന്ന തീരുമാനത്തില്‍ ഡയറക്ടറെത്തിയത്.
കോഴ വാങ്ങിയതിന് പ്രത്യുപകാരം ചെയ്തതായി തെളിയിക്കാനും അന്വേഷണ ഉദ്യോഗസ്ഥനായില്ല. നുണപരിശോധന പോലുള്ള ദുര്‍ബലമായ തെളിവുകള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചിരുന്നു.
വിജിലന്‍സ് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് കോടതിക്ക് ബോധ്യപ്പെട്ടാലേ കേസ് അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ് നല്‍കൂ. അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ സ്വീകരിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവിടും. റിപ്പോര്‍ട്ടില്‍ പോരായ്മ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടും. അതിന്റെയടിസ്ഥാനത്തിലാകും കോടതിയുടെ തുടര്‍ നടപടി.
അടച്ച ബാറുകള്‍ തുറക്കുന്നതിന് മന്ത്രി മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ഒരുകോടി നല്‍കിയെന്നും ബിജു രമേശ് ആരോപണം ഉന്നയിച്ചതോടെയാണ് ബാര്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട വിവാദമുയര്‍ന്നത്.

 

 




MathrubhumiMatrimonial