Crime News

പോലീസിനെ വെട്ടിച്ചുകടന്ന പ്രതിയും കൂട്ടുകാരനും മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

Posted on: 08 Jul 2015



ഏലപ്പാറ:
പോലീസിനെ വെട്ടിച്ചുകടന്ന മോഷണക്കേസിലെ പ്രതിയും കൂട്ടുകാരനും മോഷ്ടിച്ച ബൈക്കില്‍ വരവെ പോലീസ് പിടിയിലായി. വാഗമണ്‍ വഴി ഏലപ്പാറയിലേക്ക് വരുമ്പോള്‍ ബോണാമി ഭാഗത്തുവച്ച് പോലീസ് പരിശോധനകണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടുമ്പോഴാണ് ഇവര്‍ പിടിയിലായത്.

മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കഴിയവെ പോലീസിനെ വെട്ടിച്ചുകടന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയും കൂട്ടുകാരന്‍ മണര്‍കാട് ഇല്ലിവളവ് പ്ലൂത്തോപ്പ് ജോബിയുമാണ് (19) പിടിയിലായത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്തുള്ള തിയേറ്ററിനുമുന്നില്‍വച്ചിരുന്ന ബൈക്കാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയായിട്ടുള്ള പാമ്പാടി സ്വദേശി പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ, കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് തിരിവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിക്കുകയായിരുന്നു. പോലീസ് കാവലില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

പ്രതികളെ വാഗമണ്‍ എസ്.ഐ. ടോണ്‍സന്‍ മാത്യുവും പോലീസുകാരായ സിബി, ജിജോ, ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തൊടുപുഴയിലും ജോബിയെ പീരുമേട് കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial