
ആനവേട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും
Posted on: 07 Jul 2015
വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങി
കോതമംഗലം: മലയാറ്റൂര്‍-വാഴച്ചാല്‍ ആനവേട്ട കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കാന്‍ ചെന്നൈയില്‍ നിന്ന് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എസ്.ഐ. ടി.പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ എത്തി അന്വേഷണം ആരംഭിച്ചു. കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ ചൊവ്വാഴ്ച തെളിവെടുപ്പിന് കോടനാട് ഡി.എഫ്.ഒ. ഓഫീസിലും തുണ്ടം റെയ്ഞ്ച് ഓഫീസിലും കൊണ്ടു വരും. മുഖ്യപ്രതിപ്പട്ടികയില്‍പ്പെടുന്നവരാണ് ഇരുവരും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചാക്ക വാര്‍ഡില്‍ പറക്കുടി ലെയ്‌നില്‍ കേന്തിമടമ്പില്‍ കെ. രവി എന്ന ചാക്ക രവി (63), ഇയാളുടെ കൂട്ടുപ്രതി വില്യംസ് എന്നിവരാണ് അറസ്റ്റിലായത്. വില്യംസിന്റെ സഹോദരന്‍ പ്രീസ്റ്റണ്‍ സില്‍വ വനപാലകരെ കണ്ട് കടന്ന് കളഞ്ഞു. പ്രതികളില്‍ നിന്ന് 200 ഗ്രാം ആനക്കൊമ്പും കണ്ടെടുത്തു.
തിരുവനന്തപുരം വിജിലന്‍സ് സംഘത്തിന്റെയും ആനവേട്ട അന്വേഷണ സംഘത്തലവന്‍ കുട്ടമ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ടി.എസ്. മാത്യുവിന്റെയും നേതൃത്വത്തില്‍ പ്രതികളുടെ വീട് വളഞ്ഞ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അറസ്റ്റിലായത്. കേസില്‍ പിടികിട്ടാനുള്ള മുഖ്യപ്രതികളായ കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അയ്ക്കര വാസു, എല്‍ദോസ്, അണ്ടിക്കുഞ്ഞ് എന്ന് വിളിക്കുന്ന ജിജോ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ ഒളിവിലാണ്. ആനയെ വെടിവച്ച് കൊന്ന് കൊെമ്പടുത്ത് അയ്ക്കര വാസുവാണ് ചാക്ക രവിക്ക് കൊടുക്കുന്നത്. ആനക്കൊമ്പ് കൊണ്ട് ശില്പങ്ങള്‍ ഉണ്ടാക്കുന്ന രവി ഇത് മുംബൈ സ്വദേശി നടരാജന് വില്‍ക്കും. കച്ചവടത്തിലെ ഇടനിലക്കാരന്‍ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി രാജശേഖരന്‍ അന്വേഷണം മുറുകിയതോടെ ഒളിവിലാണ്. മുംബൈ സ്വദേശി നടരാജന്‍ ആനക്കൊമ്പ് ശില്പങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന ആളാണെന്ന് വനപാലകര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമായും ശ്രീലങ്ക വഴിയാണ് കൊമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നതെന്ന് വൈല്‍ഡ് ലൈഫ് ക്രൈം ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേസ് അന്തസ്സംസ്ഥാന ബന്ധമുള്ളതായി തെളിഞ്ഞതിനാല്‍ അന്വേഷണം ഇതര സംസ്ഥാന വനം വകുപ്പും മറ്റ് കേന്ദ്ര പോലീസ് ഏജന്‍സികളുമായി ഏകോപിക്കുന്നതിനുമാണ് ക്രൈം ബ്യൂറോ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. 2014 ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവിലാണ് പ്രതികള്‍ ആനവേട്ട നടത്തിയതെന്നാണ് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ സൂചന. കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നാലും മരപ്പാലം സ്റ്റേഷന്‍ പരിധിയില്‍ വനത്തില്‍ ഒന്നും ആനയെ വെടിവച്ച് കൊന്നതിന്റെ തെളിവാണ് ഇതുവരെ ലഭിച്ചിട്ടിട്ടുള്ളത്.
