
സോളാര്‍; കണ്ണൂരിലെ കേസിന്റെ വിചാരണ വീണ്ടും മാറ്റി
Posted on: 07 Jul 2015
സരിത ഹാജരായി, ബിജു എത്തിയില്ല
കണ്ണൂര്‍: കണ്ണൂരിലെ സോളാര്‍ കേസില്‍ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നോട്ടീസ് അയയ്ക്കാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ്‌കോടതി (ഒന്ന്) ഉത്തരവിട്ടു.
തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന വിചാരണ ബിജു രാധാകൃഷ്ണന്‍ ഹാജരാകാത്തതിനാല്‍ 20-ലേക്ക് മാറ്റി. രണ്ടാംപ്രതി സരിത നായര്‍ കൃത്യസമയത്ത് തന്നെ അഭിഭാഷകനൊപ്പം കോടതിയിലെത്തിയിരുന്നു.
വിചാരണസമയത്ത് പ്രതികള്‍ ഹാജരാകാത്തത് ഉചിതമായ നടപടിയല്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഒന്നാംപ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. മൂന്നാംപ്രതി മണിമോന്‍ എന്ന മണിലാല്‍ അവധി അപേക്ഷ നല്‍കി.
കേസ് വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കഴിഞ്ഞതവണ കോടതി വ്യക്തമാക്കിയിരുന്നു. 20-ന് പ്രതികള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിചാരണയ്ക്ക് തയ്യാറാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ഉച്ചയ്ക്കുശേഷം വിചാരണ ആരംഭിക്കാമെന്ന് കോടതി അറിയിച്ചു. അതിനിടെ, തന്റെ അസാന്നിധ്യത്തിലുള്ള തിരിച്ചറിയല്‍ നടപടിക്രമം ചോദ്യംചെയ്യില്ലെന്നും തന്റെ സാന്നിധ്യത്തില്‍ സാക്ഷിവിചാരണ ചെയ്തുവെന്ന വാദം ഉന്നയിക്കില്ലെന്നും ചൂണ്ടിക്കാട്ടി സരിത എസ്.നായര്‍ സത്യവാങ്മൂലം നല്‍കി. പ്രോസിക്യൂഷന്‍ ഇത് എതിര്‍ത്തു. കോടതിയില്‍ സ്ഥിരമായി ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് സരിത നേരത്തേ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതാണെന്നും അതേ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അടുത്ത വിചാരണസമയത്ത് ഹാജരാകണമെന്ന് കോടതി സരിതയോട് നിര്‍ദേശിച്ചു. പരാതിക്കാരനായ ഡോ. ജനാര്‍ദനന്‍ കോടതിയില്‍ ഹാജരായി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സന്നദ്ധമാണെന്ന് സരിത എസ്.നായരുടെ അഭിഭാഷകന്‍ പി.സി.മുകുന്ദന്‍ കഴിഞ്ഞതവണ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം തിങ്കളാഴ്ച പരിഗണിച്ചില്ല.
വീടുകളില്‍ സോളാര്‍പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണനും മറ്റുംചേര്‍ന്ന് കണ്ണൂര്‍ തളാപ്പിലെ ഡോ. ജനാര്‍ദനന്‍, അദ്ദേഹത്തിന്റെ സഹോദരിമാരായ രാധാമണി, രുക്മിണി എന്നിവരില്‍നിന്ന് 60,000 രൂപ വീതം 1.80 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി കാനാ രാമകൃഷ്ണന്‍ ഹാജരായി.
