Crime News

കടകംപള്ളി ഭൂമിതട്ടിപ്പ്: മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ.

Posted on: 07 Jul 2015


തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പു കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ. പ്രത്യേക സി.ബി.ഐ. കോടതിയെയാണ് സി.ബി.ഐ. ഇക്കാര്യം അറിയിച്ചത്.

പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് സി.ബി.ഐ. വ്യക്തമാക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടേയെന്ന് ജഡ്ജി ആര്‍. രഘു പ്രോസിക്യൂട്ടറോട് ചോദിച്ചു. പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുള്ള പ്രതികളെ ചോദ്യം ചെയ്യണ്ടേയെന്നാണ് കോടതി ചോദിച്ചത്.

വ്യക്തമായ മറുപടി സി.ബി.ഐ. നല്‍കിയില്ല. പ്രതിഭാഗം അഭിഭാഷകര്‍ കേസ് വിശദമായി പരിശോധിക്കാന്‍ സമയം ആവശ്യമാണെന്ന് അറിയിച്ചു. അപേക്ഷ പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കടകംപള്ളി മുന്‍ വില്ലേജ് ഓഫീസര്‍മാരായ പി.എന്‍. സുബ്രഹ്മണ്യംപിള്ള, അനില്‍കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

കടകംപള്ളിയിലെ 170 ഓളം പേരുടെ 45.50 ഏക്കര്‍ ഭൂമി തണ്ടപ്പേര്‍ തിരുത്തി പ്രതികള്‍ കൈവശപ്പെടുത്തിയെന്നാണ് കേസ്. ഇതുവഴി 15 കോടി ധനാപഹരണം നടന്നതായാണ് സി.ബി.ഐ. കണ്ടെത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജും ഭാര്യ ഷംസാദും ഉള്‍പ്പെടെ 29 പേരാണ് കേസിലെ പ്രതികള്‍.

 

 




MathrubhumiMatrimonial