
പീഡനത്തിനെതിരെ പരാതി: എയര്‍ഹോസ്റ്റസിനെ പിരിച്ചുവിടാന്‍ നീക്കം
Posted on: 07 Jul 2015
എം.പി. സൂര്യദാസ്
പരാതി ലഭിച്ചില്ലെന്ന വാദം പൊളിയുന്നു
രേഖാമൂലം പരാതിനല്‍കിയത് ഏപ്രില്‍ ഏഴിന്
രേഖാമൂലം പരാതിനല്‍കിയത് ഏപ്രില്‍ ഏഴിന്
കോഴിക്കോട്: പൈലറ്റ് പീഡിപ്പിച്ചെന്ന് പരാതിനല്‍കിയ എയര്‍ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ പിരിച്ചുവിടാന്‍ നീക്കം. വകുപ്പുതല അന്വേഷണംനടത്തുന്നതിനുപകരം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം വിവാദവുമായി.
ന്യായമായ പരാതി ഉന്നയിച്ചതിന് പ്രതികാരനടപടിയെടുക്കാനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ശ്രമിക്കുന്നതെങ്കില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതിനല്‍കുമെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു.
സ്ത്രീയുടെ വ്യക്തിത്വത്തിന് കളങ്കമുണ്ടാക്കുന്നതായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു സംഭവമുണ്ടായതായി എയര്‍ഹോസ്റ്റസ് കമ്പനിക്കു പരാതിനല്‍കിയിട്ടില്ലെന്നുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞദിവസം വിശദീകരണംനല്‍കിയത്. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന എയര്‍ഹോസ്റ്റസിന്‍റെ അവധി അപേക്ഷ അനുവദിക്കാതെ, അകാരണമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന കാരണംപറഞ്ഞാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.
എയര്‍ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്ക് ഏപ്രില്‍ ഏഴിന് എയര്‍ഹോസ്റ്റസ് പീഡനത്തെക്കുറിച്ച് രേഖാമൂലം പരാതിനല്‍കിയിട്ടുണ്ട്. മാര്‍ച്ച് 30-ന് ഡ്യൂട്ടിക്കെത്തിയ തന്നെ, മറ്റു സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് പൈലറ്റ് ആര്‍.പി.സിങ് അപമാനിച്ചുവെന്നു കാണിച്ചാണ് എയര്‍ഹോസ്റ്റസ് പരാതിനല്‍കിയത്. പൊതുസ്ഥലത്തുവെച്ച് സ്ത്രീകളോടു കാണിക്കേണ്ട സാമാന്യമര്യാദ പാലിക്കാതെയാണ് ഇദ്ദേഹം പെരുമാറിയതെന്നും ഇതു തനിക്ക് കടുത്ത മാനഹാനിയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. സമാനമായ പരാതി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്കും നല്‍കിയിട്ടുണ്ട്.
എയര്‍ഹോസ്റ്റസിന്റെ പരാതി മൂന്നുമാസമായിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ അന്വേഷണസമിതിക്കു കൈമാറിയിട്ടില്ല. കമ്പനി സെക്രട്ടറി അദിതി കന്ദേക്കര്‍ ചെയര്‍പേഴ്‌സണും എച്ച്.ആര്‍. വിഭാഗം െഡപ്യൂട്ടി ചീഫ് സതീഷ്‌കുമാര്‍, മാനേജര്‍ ഇ.പി.ഡിസൂസ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിക്ക് എയര്‍ഹോസ്റ്റസ് നേരിട്ടു പരാതിനല്‍കിയിട്ടും ഇതുവരെ ഔദ്യോഗികമായി തെളിവെടുപ്പു നടത്തുകയോ വിശദീകരണംതേടുകയോ ചെയ്തിട്ടില്ല. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസ് റജിസ്റ്റര്‍ചെയ്തിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പരാതി കണ്ടില്ലെന്നുനടിക്കുന്നത് മറ്റ് എയര്‍ഹോസ്റ്റസുമാരിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
സംഭവത്തിനുശേഷം മാനസികമായി തളര്‍ന്ന എയര്‍ഹോസ്റ്റസിനെ കന്പനി നിര്‍ബന്ധപൂര്‍വം ഒരാഴ്ചത്തെ ട്രെയിനിങ്ങിനു പറഞ്ഞുവിട്ടു. ഒടുവില്‍ കഴിഞ്ഞയാഴ്ച എമര്‍ജന്‍സി ലീവിന് അപേക്ഷിച്ചപ്പോള്‍ അതനുവദിക്കാതെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയാണു ചെയ്തത്.
