
കളമശ്ശേരി ഭൂമിതട്ടിപ്പ്: സൂരജിനെ പ്രതി ചേര്‍ക്കാനാകില്ലെന്ന് സി.ബി.ഐ.
Posted on: 07 Jul 2015
സൂരജിനെ സാക്ഷിയാക്കാന്‍ നീക്കം
കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നല്‍കിയേക്കും
കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നല്‍കിയേക്കും
കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജിനെ പ്രതി ചേര്‍ക്കാനാവില്ലെന്ന് സി.ബി.ഐ. സൂരജിനെതിരെ വകുപ്പുതല അന്വേഷണത്തിനാണ് സി.ബി.ഐ. ശുപാര്‍ശ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ കേസെടുക്കാന്‍ മതിയായ തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ നുണപരിശോധനാ ഫലവും സൂരജിന് അനുകൂലമായിരുന്നു. കേസില്‍ സൂരജിനെ സാക്ഷിയാക്കി കുറ്റപത്രം തയ്യാറാക്കാനാണ് സി.ബി.ഐ. ശ്രമിക്കുന്നത്. രണ്ടാഴ്ചയ്ക്കകം സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചേക്കും.
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കിയ സൂരജിന്റെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് സി.ബി.ഐ. പറഞ്ഞു. എന്നാല്‍ അത് ക്രിമിനല്‍ കുറ്റമല്ല. കീഴുദ്യോഗസ്ഥന്‍മാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സൂരജ് തണ്ടപ്പേര്‍ തിരുത്താന്‍ ഉത്തരവിട്ടത്. മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍മാരുടെ നടപടികളും സൂരജ് ശ്രദ്ധിച്ചിരുന്നില്ല. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി സൂരജിനെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയനക്കേണ്ടതില്ലെന്നും സി.ബി.െഎ. തീരുമാനിച്ചിട്ടുണ്ട്.
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ ആറ് വില്‍പ്പന കരാറുകള്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിം രാജിന്റെ പേരിലാണെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന സൂരജിനെ സി.ബി.ഐ. ചോദ്യംചെയ്തത്. സൂരജ് അടക്കമുള്ളവര്‍ ഭൂമിയിടപാട് കേസില്‍ സംശയത്തിന്റെ നിഴലിലാണെന്ന് നേരത്തെ ലാന്‍ഡ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യംചെയ്യലില്‍ ആരോപണങ്ങള്‍ മുഴുവന്‍ സൂരജ് നിഷേധിച്ചിരുന്നു. മുന്‍ ജില്ലാ കളക്ടര്‍ ഷെയ്ഖ് പരീതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു. ചട്ടപ്രകാരം മാത്രമേ തുടര്‍ നടപടികള്‍ എടുക്കാവൂയെന്ന് കുറിപ്പെഴുതിയിരുന്നെന്നും എന്നാല്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കാമെന്നും സൂരജ് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം ശരിയാണെന്നാണ് സി.ബി.ഐ. ഇപ്പോള്‍ പറയുന്നത്. അഞ്ച് മിനിട്ട് മാത്രമാണ് ഫയല്‍ തന്റെ മുന്നിലിരുന്നതെന്ന് സൂരജ് പറഞ്ഞിരുന്നു.
നുണപരിശോധനയില്‍ ഫലം സൂരജിന് അനുകൂലമായതും സി.ബി.ഐ. പരിഗണിച്ചിട്ടുണ്ട്. സൂരജ് ഒന്നും മറച്ചുവെയ്ക്കുന്നില്ലെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഫോറന്‍സിക് ലാബിലായിരുന്നു സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.
