
വ്യാഴാഴ്ച തീയറ്ററുകള്‍ അടച്ചിടും; നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം
Posted on: 07 Jul 2015
സിനിമകളുടെ വ്യാജപതിപ്പ്
കൊച്ചി: സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യാഴാഴ്ച തീയറ്ററുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തും. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനും കൊച്ചിയില്‍ ചേര്‍ന്ന ഫെഡറേഷന്‍ അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. 'പ്രേമം' സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ വ്യാപകമായ പശ്ചാത്തലത്തിലാണ് ഫെഡറേഷന്റെ സമര പ്രഖ്യാപനം. സമരത്തെ പിന്തുണയ്ക്കാമെന്ന് സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക ഉറപ്പ് തന്നിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
'പ്രേമ'ത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ച വിഷയത്തില്‍ ഇടപെട്ടത് നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി. ഉണ്ണികൃഷ്ണനെതിരായ വ്യക്തിവിരോധം തീര്‍ക്കാന്‍ താന്‍ 'പ്രേമം'വിവാദം ഉപയോഗപ്പെടുത്തുകയാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. 'വ്യാജപതിപ്പ് കൊണ്ട് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്നത് തീയറ്ററുടമകള്‍ക്കാണ്. 'പ്രേമ'ത്തിന്റെ കാര്യത്തില്‍ അന്‍വര്‍ പരാതി നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ നിശ്ശബ്ദത പാലിച്ചെങ്കിലും ഫെഡറേഷന് ഇടപെടാതിരിക്കാനാകുമായിരുന്നില്ല. ബി. ഉണ്ണികൃഷ്ണനോ, പ്രിയദര്‍ശനോ 'പ്രേമ'ത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്ന സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല. പക്ഷേ, അവരുടെ സ്റ്റുഡിയോയിലെ ജീവനക്കാരുടെ ഇടപെടല്‍ തള്ളിക്കളയാനാകില്ല. അത് തെളിഞ്ഞാല്‍ സിനിമ ചോര്‍ന്നതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഉണ്ണികൃഷ്ണനും പ്രിയദര്‍ശനുമുണ്ടാകും' - ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
നിവിന്‍ പോളിേയയും അല്‍ഫോണ്‍സ് പുത്രേനയും പോലുള്ള പുതുതലമുറക്കാര്‍ വളര്‍ന്നു വരുന്നതിലുള്ള അസൂയയും ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. വൈഡ് റിലീസ് സംബന്ധിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരെ അപ്പീല്‍ പോകാനും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു.
