
ജനതാദള്‍ നേതാവിന്റെ വീടിനുനേരെ അക്രമം; കാറിന്റെ ചില്ല് തകര്‍ത്തു
Posted on: 07 Jul 2015
![]() |
അക്രമം നടന്ന വീട് ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും മറ്റ് നേതാക്കളും സന്ദര്‍ശിച്ചപ്പോള്‍ |
തൃശ്ശൂര്‍: ജനതാദള്‍ യു. നാട്ടിക നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും കിസാന്‍ ജനത ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പഴുവില്‍ വെസ്റ്റ് കുമ്മംകണ്ടത്ത് കെ.ബി. അബ്ദുള്‍ ഖാദറിന്റെ വീടിനുനേരെ തിങ്കളാഴ്ച പുലര്‍ച്ചെ അക്രമം നടന്നു. കല്ലേറില്‍ വീടിന്റെ താഴത്തെ നിലയിലെ മുറിയുടെ മൂന്ന് ജനല്‍ച്ചില്ലുകളും മുകള്‍നിലയിലെ ഒരു ജനല്‍ച്ചില്ലും തകര്‍ന്നു. പോര്‍ച്ചിലിട്ടിരുന്ന കാറിന്റെ മുന്നിലെ ചില്ല് വടിയുപയോഗിച്ച് അടിച്ചുതകര്‍ക്കുകയും ചെയ്തു. ബോണറ്റിലും വടികൊണ്ട് അടിച്ചതിന്റെ പാടുണ്ട്.
അക്രമം നടന്ന വീട് ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും മറ്റ് നേതാക്കളും സന്ദര്‍ശിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 1.30നാണ് അക്രമം നടന്നത്. സംഭവം നടക്കുമ്പോള്‍ അബ്ദുള്‍ ഖാദറും ഭാര്യയും മകളും അവരുടെ രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും താഴത്തെ മുറിയിലാണ് ഉറങ്ങിയിരുന്നത്. പൊട്ടിത്തെറി പോലുള്ള ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നതെന്ന് അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കിടന്നുറങ്ങിയിരുന്നവരുടെ മേല്‍ ചില്ല് തെറിച്ചുവീണു. ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികള്‍ ജനല്‍ തുറന്നുനോക്കിയപ്പോള്‍ നാലുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി പറഞ്ഞു.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് അന്തിക്കാട് പോലീസ് പുലര്‍ച്ചെ രണ്ടോടെ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പി.എ. വര്‍ഗീസ്, അന്തിക്കാട് എസ്.ഐ. മൈക്കിള്‍ തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്തിക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് നാലരയോടെയാണ് എം.പി. വീരേന്ദ്രകുമാറും മറ്റ് നേതാക്കളും അബ്ദുള്‍ ഖാദറിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളോടും പാര്‍ട്ടി നേതാക്കളോടും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം അക്രമം നടക്കുന്നതായി നേതാക്കള്‍ സംസ്ഥാന പ്രസിഡന്റിനെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനതാദള്‍ യു പാര്‍ലമെന്ററി ബോര്‍!ഡ് ചെയര്‍മാന്‍ ചാരുപാറ രവി, യുവജനതാദള്‍ സംസ്ഥാന ജനറല്‍ െസക്രട്ടറി അജി ഫ്രാന്‍സിസ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി, നാട്ടിക നിയോജകമണ്ഡലം ആക്ടിങ് പ്രസിഡന്റ് പി.എന്‍. ഷാജി, എ. എസ്. രാധാകൃഷ്ണന്‍, ഔസേപ്പ് ആന്റോ, യു.കെ. ചന്ദ്രാംഗദന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ചാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി. ജയരാജും അക്രമം നടന്ന വീട് സന്ദര്‍ശിച്ചു.
