Crime News

കശ്മീരില്‍ ചുവടുറപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം

Posted on: 04 Jul 2015


* മുന്നറിയിപ്പ് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്റേത്


ശ്രീനഗര്‍:
സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) പാക് അധീന കശ്മീരില്‍ ചുവടുറപ്പിക്കാന്‍ നീക്കംനടത്തുന്നതായി മുന്നറിയിപ്പ്. 200മുതല്‍ 225വരെ ഭീകരര്‍ പിര്‍ പഞ്ചാല്‍ മേഖലയില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യക്കും പാകിസ്താനും ഒരുപോലെ ഭീഷണിയായിത്തീര്‍ന്നേക്കാവുന്ന നീക്കത്തെക്കുറിച്ച് കരസേനയുടെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ആയ ലെഫ്. ജനറല്‍ കെ.എച്ച്.സിങ് ആണ് വെളിപ്പെടുത്തിയത്.

രജൗരി ജില്ലയിലെ ഝാ നഗറില്‍ സൈനികചടങ്ങില്‍ സംസാരിക്കവെയാണ് വെളിപ്പെടുത്തല്‍. എങ്കിലും ഇതുവരെ ഐ.എസ്. മേഖലയില്‍ ശക്തിപ്രാപിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനായുള്ള എല്ലാ ശ്രങ്ങളും അവര്‍ നടത്തുമെന്നുറപ്പാണ്. അതിര്‍ത്തിയിലുടെനീളം ഭീകരപ്രവര്‍ത്തനം സജീവമാണ്. ഭീകരര്‍ക്ക് ഒട്ടേറെ പരിശീലന ക്യാമ്പുകള്‍ ഇവിടെയുണ്ടെന്നും കെ.എച്ച്.സിങ് വ്യക്തമാക്കി.

ഇന്ത്യയിലും പാകിസ്താനിലും ചുവടുറപ്പിക്കാന്‍ ഐ.എസ്. ശ്രമിക്കുന്നതായി നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ സ്വാധീനമുണ്ടാക്കാനുള്ള ഐ.എസ്സിന്റെ ശ്രമങ്ങള്‍ക്ക് എല്ലാസഹായവും നല്‍കുമെന്ന് പാക് ഭീകരസംഘടനയായ ജമാഅത്ത് ഉല്‍ അഹ്രാര്‍ വ്യക്തമാക്കിയിരുന്നു. പാക് താലിബാനില്‍നിന്ന് വിഘടിച്ച ഭീകരസംഘടനയാണ് ജമാഅത്ത് ഉല്‍ അഹ്രാര്‍. കഴിഞ്ഞ ജൂണില്‍ കശ്മീരില്‍ ശ്രീനഗറുള്‍പ്പെടെയുളള പല മേഖലകളിലും ഐ.എസ്സിന്റെ പതാകകളും ബാനറുകളുമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണംനടത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ മുന്നോട്ടുപോകാനായിട്ടില്ല.

 

 




MathrubhumiMatrimonial