
ഹൈക്കോടതി വിധി നടപ്പാക്കാനെത്തിയ എ.ഡി.എമ്മിനെ ബിജിമോള്‍ എം.എല്‍.എ കൈയ്യേറ്റം ചെയ്‌തെന്ന് പരാതി
Posted on: 04 Jul 2015
* റവന്യൂ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു
*കാലിന്റെ അസ്ഥി പൊട്ടിയ എ.ഡി.എം മെഡിക്കല്‍ കോളേജില്‍
*ഇടുക്കിയില്‍ റവന്യൂ ജീവനക്കാര്‍ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കും
*കാലിന്റെ അസ്ഥി പൊട്ടിയ എ.ഡി.എം മെഡിക്കല്‍ കോളേജില്‍
*ഇടുക്കിയില്‍ റവന്യൂ ജീവനക്കാര്‍ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കും

മുപ്പത്തഞ്ചാം മൈലിലെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി, തെക്കേമലയില്‍ സ്ഥാപിച്ച ഗേറ്റ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ഗേറ്റെന്ന് നാട്ടുകാര്‍ ഏറെനാളായി പരാതിപ്പെട്ടുവരികയായിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു കമ്മീഷന്റെ നടപടി.
കമ്മീഷന്റെ ഉത്തരവിനെതിരെ കമ്പനി കേസിന് പോയി. ഗേറ്റ് പുന:സ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാനെത്തിയ എ.ഡി.എമ്മിനെ നാട്ടുകാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞു.
ആദ്യം ബിജിമോളും എ.ഡി.എമ്മുമായി വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ എ.ഡി.എമ്മിനെ പിടിച്ച് തള്ളി.
ഡി.വൈ.എസ്.പി ജഗദീഷ്, സി.ഐ. മനോജ്കുമാര്‍ എന്നിവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും എ.ഡി.എം. പിന്നിലുണ്ടായിരുന്ന ജീപ്പിന്റെ പുറകില്‍ പതിച്ചു. ഇതിന്റെ ആഘാതത്തിലാണ് കാലിന് പൊട്ടലുണ്ടായത്. എ.ഡി.എമ്മിനെ പോലീസ് ജീപ്പിലാണ് രക്ഷപ്പെടുത്തിയത്.
കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നും കൈയ്യേറ്റം ചെയ്‌തെന്നും ആരോപിച്ച് ബിജിമോളടക്കം 300 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എ.ഡി.എമ്മിനെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ റവന്യൂ ജീവനക്കാര്‍ പെന്‍ഡൗണ്‍ സമരം നടത്തി. എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനവും ഉണ്ടായിരുന്നു. കൃത്യനിര്‍വ്വഹണം തടഞ്ഞ എം.എല്‍.എയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്ന് എ.ഡി.എം പറഞ്ഞു. ശനിയാഴ്ച ഇടുക്കി ജില്ലയിലെ റവന്യൂ ജീവനക്കാര്‍ ഒന്നടങ്കം അവധിയെടുത്ത് പ്രതിഷേധിക്കും.
റവന്യൂ മന്ത്രി റിപ്പോര്‍ട്ട് തേടി
പത്തനംതിട്ട: ഇടുക്കിയില്‍ എ.ഡി.എമ്മിനെ എം.എല്‍.എ കൈയ്യേറ്റം ചെയ്‌തെന്ന ആരോപണത്തില്‍ ജില്ലാ കളക്ടറോട് മന്ത്രി അടൂര്‍ പ്രകാശ് റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് തന്റെ ഓഫീസിലേക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം അറിയിച്ചു. വിഷയം ടി.വിയില്‍ കണ്ട അറിവേ തനിക്കുള്ളൂ. കോടതി നിര്‍ദ്ദേശം പാലിക്കാനാണ് എ.ഡി.എം എത്തിയെന്നാണ് തനിക്ക് കിട്ടിയ പ്രാഥമിക വിവരം. സംഭവം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
