Crime News

വാട്‌സ് ആപ്പില്‍ ഗാന്ധിജിയെ 'ഡിസ്‌കോ ജോക്കി'യാക്കി

Posted on: 04 Jul 2015


കാസര്‍കോട്: പത്തു രൂപ നോട്ടിലെ മഹാത്മാഗാന്ധിയുടെ ചിത്രം വികൃതമാക്കി വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നു. ഗാന്ധി ചിത്രത്തില്‍ മീശയും ബുള്‍ഗാന്‍ താടിയും കമ്മലും കൂളിങ് ഗ്ലാസ്സും സ്‌പൈക്ക് തലമുടിയുമൊക്കെയാക്കി 'ഡി.ജെ ഗാന്ധി'യെന്ന പേരിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് ഗാന്ധിജിയുടെ പേരില്‍ ബിയര്‍ ഇറങ്ങിയതും ദക്ഷിണാഫ്രിക്കയിലെ ഗാന്ധി പ്രതിമ വികൃതമാക്കിയ വിവാദവുമുണ്ടായത്. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനെതിരെ അടുത്തിടെ സുപ്രീം കോടതിവരെ ഇടപെടല്‍ നടത്തിയതാണ്.
ഗാന്ധിജിയാണോ എന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് പത്തുരൂപ നോട്ടിലെ ഗാന്ധി ചിത്രം വികൃതമാക്കിയിരിക്കുന്നത്. പേന കൊണ്ടാണ് വരച്ചിരിക്കുന്നത്. നോട്ടിന്റെ താഴെ തന്നെയാണ് ഇംഗ്ലീഷില്‍ 'ഡി.ജെ ഗാന്ധി' എന്നെഴുതിയിരിക്കുന്നതും. പലരും തമാശരൂപത്തില്‍ ചിത്രം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുന്നുണ്ട്. ഇന്ത്യന്‍ നിയമ പ്രകാരം (ഐ.പി.സി. സെക്ഷന്‍ 124 എ) രാജ്യത്തിന്റെ ആദരവിന് കളങ്കം വരുത്തുന്ന കുറ്റമാണിത്.

 

 




MathrubhumiMatrimonial