Crime News

റെയ്ഡിനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്കായി തിരച്ചില്‍

Posted on: 03 Jul 2015


കടന്പനാട്: റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിക്കുകയും പ്രിവന്റീവ് ഓഫീസറുടെ തലയ്ക്ക് കന്പിവടിക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. സംഭവം നടന്ന ബുധനാഴ്ച രാത്രിതന്നെ അടൂര്‍ സി.ഐ. എസ്.നന്ദകുമാര്‍, ഏനാത്ത് എസ്.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പ്രതികളുടേതെന്നു കരുതുന്ന ഒരു ഓട്ടോറിക്ഷയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയും പോലീസ് വ്യാപക തിരച്ചില്‍ നടത്തി.
എക്‌സൈസിന്റെ സ്ൈട്രക്കിങ് ഫോഴ്‌സിന്റെ ഒരു സംഘത്തെ ദിവസവും രണ്ടുനേരം മാഞ്ഞാലി, കടന്പനാട് പ്രദേശത്ത് പേട്രാളിങ്ങിന് നിയോഗിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനു പറഞ്ഞു. പ്രതികളുടെ വിവരങ്ങള്‍ എല്ലാ എക്‌സൈസ്-പോലീസ് കേന്ദ്രങ്ങളിലും ചെക്ക് പോസ്റ്റുകളിലും അറിയിച്ചിട്ടുണ്ട്. വീട്ടില്‍ വെച്ച് വ്യാജചാരായവും വിദേശമദ്യവും വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് റെയ്ഡിനെത്തിയ പത്തനംതിട്ട എക്‌സൈസ് ഇന്റലിജന്‍സ് സംഘത്തിനുനേരെ ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് മാഞ്ഞാലി രാജീവത്തില്‍ രാജീവിന്റെ വീടിനു മുന്നില്‍വെച്ച് ആക്രമണമുണ്ടായത്. പ്രിവന്റീവ് ഓഫീസര്‍ പന്തളം പൂഴിക്കാട് പടിഞ്ഞാറേത്തലയില്‍ ബി.ബിജു(46) വിന് ഇരുന്പുകന്പികൊണ്ട് തലയ്ക്ക് അടിയേറ്റിരുന്നു. ബിജു തിരുവനന്തപുരം സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

 

 




MathrubhumiMatrimonial