
സിസ്റ്റര്‍ അഭയ കേസ്: തെളിവ് നശിപ്പിച്ചതിന് അന്തരിച്ച മുന്‍ ഡിവൈ.എസ്.പി.യും പ്രതി
Posted on: 01 Jul 2015
സ്റ്റേ നീങ്ങി: മറ്റ് പ്രതികളെ ഇനിവിചാരണ ചെയ്യും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തെളിവു നശിപ്പിച്ചകുറ്റത്തിന് മുന്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. സാമുവലിനെ സി.ബി.ഐ. പുതുതായി പ്രതിചേര്‍ത്തു. അതേസമയം 2012 ആഗസ്ത് 25 ന് സാമുവല്‍ മരണമടഞ്ഞതിനാല്‍ വിചാരണചെയ്യാന്‍ കഴിയില്ലെന്ന് സി.ബി.ഐ. ഡിവൈ.എസ്.പി. ദേവരാജ് വി. പ്രത്യേക സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് അഭയ കേസില്‍ നിലവിലുണ്ടായിരുന്ന സ്റ്റേ നീക്കം ചെയ്തു. സി.ബി.ഐ.നേരത്തെ നല്‍കിയ കുറ്റപത്രത്തിലെ പ്രതികളെ ഇനി വിചാരണ ചെയ്യാം.
കേസിലെ തെളിവുകള്‍ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരോ അന്വേഷണ ഉദ്യോഗസ്ഥനോ നശിപ്പിച്ചോ എന്നതാണ് സി.ബി.ഐ. പുതുതായി അന്വേഷിച്ചത്. നേരത്തെ തെളിവു നശിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് മുന്‍ എ.എസ്.ഐ. അഗസ്റ്റിന്‍ വി.വി.യെ സി.ബി.ഐ. പ്രതി ചേര്‍ത്തിരുന്നു. വി.വി. അഗസ്റ്റിന്‍ ആത്മഹത്യചെയ്തശേഷമാണ് സി.ബി.ഐ. അദ്ദേഹത്തെ പ്രതിയാക്കിയത്. ഡിവൈ.എസ്.പി. സാമുവലും മരണശേഷമാണ് പ്രതിയാവുന്നത്.
സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത എട്ടു തൊണ്ടി മുതലുകളും സാമുവല്‍ പിന്നീട് കണ്ടെടുത്ത അഭയയുടെ ഡയറിയും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എട്ടു തൊണ്ടിമുതലുകള്‍ സാമുവല്‍ ഒപ്പിട്ടുവാങ്ങിയിരുന്നു.ഇവ മടക്കി നല്‍കിയതായി വ്യജരേഖ ഉണ്ടാക്കിയതല്ലാതെ മടക്കി നല്‍കിയില്ലെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. അഭയയുടേത് ആത്മഹത്യയാണെന്ന് ഇയാള്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ. ഉത്തരവു പ്രകാരം അഭയയുടെ ഡയറിയും നശിപ്പിക്കപ്പെട്ടതായി സി.ബി.ഐ കണ്ടെത്തി.
സംഭവദിവസം കണ്ടെത്തിയതായി വി.വി. അഗസ്റ്റിന്‍ എഴുതിചേര്‍ത്തിരുന്ന അഭയയുടെ അടിവസ്ത്രങ്ങള്‍ അവര്‍ ധരിച്ചിരുന്നില്ലെന്നും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവസ്ഥലത്തുെവച്ച് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് വീണ്ടും സ്റ്റേഷനില്‍െവച്ച് മാറ്റിയതായി ഇന്‍ക്വസ്റ്റ് എഴുതിയ പോലീസുകാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തുകണ്ട കൈക്കോടാലി രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഒഴിവാക്കി. വി.വി. അഗസ്റ്റിന്റെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്തതെന്ന് പോലീസുകാരന്‍ സ്‌കറിയ മൊഴില്‍ നല്‍കിയതായും സി.ബി.ഐ. വ്യക്തമാക്കുന്നു.
Tags: abhaya
