
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാതൃകാജയിലാക്കിമാറ്റുന്നു
Posted on: 01 Jul 2015
തടവുകാര്‍ക്ക് ഇ-മെയില്‍; വായിക്കാന്‍ ഇ-ബുക്‌സ്
കണ്ണൂര്‍: ചരിത്രപശ്ചാത്തലമുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ മാതൃകാജയിലാക്കിമാറ്റാനുള്ള നടപടി തുടങ്ങിയെന്ന് ജയില്‍ ഡി.ജി.പി. ലോക്‌നാഥ ബഹ്‌റ പറഞ്ഞു. സെന്‍ട്രല്‍ ജയിലില്‍ ഇ-ലേണിങ് തുടങ്ങും. ഇതിന്റെ മുന്നോടിയായി എല്ലാ തടവുകാര്‍ക്കും ഇ-മെയില്‍ വിലാസം തയ്യാറാക്കിയിട്ടുണ്ട്. ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തും. തടവുകാര്‍ക്ക് വായിക്കാന്‍ ഇ-ബുക്‌സ് നല്കുമെന്നും ഡി.ജി.പി. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ പിഎച്ച്.ഡി.യുള്ള ഒരാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുണ്ട്. ഇദ്ദേഹത്തെ റിസോഴ്‌സ് പേഴ്‌സണായി ഉപയോഗിക്കുന്നകാര്യവും പരിഗണിക്കും. തടവുകാര്‍ക്ക് മാത്രമല്ല, ജീവനക്കാര്‍ക്കും ക്ലാസുകള്‍ നല്‍കും. ടെക്‌നോളജിയുടെ സാധ്യത സമൂഹത്തിനും തടവുകാര്‍ക്കും ജയില്‍വകുപ്പിനും ഒരേപോലെ ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും ഡി.ജി.പി. പറഞ്ഞു.
തടവുകാരെ കൂടുതല്‍ ക്രിമിനലുകളാക്കുകയല്ല ജയിലിന്റെ ലക്ഷ്യം. അവരെ മാനസിക പരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ് വേണ്ടത്. ഇതിനായി കൗണ്‍സലിങ് ആവശ്യമാണ്. തടവിലാക്കപ്പെടുന്നവരുടെ മാനസികാവസ്ഥ പരിശോധിക്കാനും വിലയിരുത്താനുമുള്ള സംവിധാനം നിലവിലില്ല. അതിനുള്ള സാധ്യതകളും തേടും. തടവുകാരുടെ ജോലിപരിചയത്തെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരം ശേഖരിക്കും. ഇതനുസരിച്ച് ഓരോ ജയിലിലും ഡാറ്റാ ബാങ്കുണ്ടാക്കും. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ക്ക് തടവുകാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത തേടാന്‍കൂടിയാണിതെന്നും ഡി.ജി.പി. പറഞ്ഞു.
ജയില്‍ ഡി.ജി.പി.യായി ചുമതലയേറ്റശേഷം ആദ്യമായാണ് ലോക്‌നാഥ ബഹ്‌റ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. ജയിലിലെ മൂന്നുപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഫ്രീഡം എന്ന പേരില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഭക്ഷ്യോത്പന്നങ്ങള്‍ ജനപ്രീതി നേടിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചപ്പാത്തിക്ക് മറ്റ് സ്ഥലങ്ങളില്‍ക്കൂടി വില്പന കൗണ്ടര്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും ഡി.ജി.പി. പറഞ്ഞു.
