goodnews head

മലയാളിക്ക് കണ്ടുപഠിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് ഒരുകൂട്ടം വിദ്യാര്‍ഥികള്‍

Posted on: 30 Jun 2015



ഹരിപ്പാട്: മലയാളിക്ക് പഠനം ക്ലാസ്സ് മുറിയിലാകണം, കഴിയുമെങ്കില്‍ ശീതീകരിച്ച മുറിതന്നെ വേണം. പ്രോജക്ടുകളെന്നാല്‍ പകര്‍ത്തിയെഴുതി തയ്യാറാക്കാനുള്ളതാണെന്നും നമ്മള്‍ പഠിച്ചുപോയി. ഇംഗ്ലണ്ടിലെ ഒരുപറ്റം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഹരിപ്പാട് മണ്ണൂര്‍ ഡി.കെ.എന്‍.എം. എല്‍.പി സ്‌കൂളിലുണ്ട്. സ്‌കൂളും പരിസരവും വൃത്തിയാക്കിയും കുട്ടികളെ ചോറൂട്ടിയും നാട്ടുകാരോട് കിന്നാരം പറഞ്ഞുമൊക്കെയാണ് അവരുടെ പഠനം. പതിനൊന്നാം ക്ലാസ്സിലെ പ്രോജക്ട് തയ്യാറാക്കാനാണ് അവര്‍ ഇവിടെ എത്തിയിരിക്കുന്നത്. പകര്‍ത്തിയെഴുതിയതല്ല, അനുഭവങ്ങളുടെ കരുത്തില്‍ സ്വയം രൂപപ്പെടുന്ന പ്രോജക്ടാണ് അവര്‍ക്ക് വേണ്ടത്.

ഇവിടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ജീവിച്ചതിന്റെ പാഠങ്ങളാണ് അവര്‍ പ്രോജക്ട് ഡയറിയില്‍ എഴുതി ചേര്‍ക്കുന്നത്.ലെക്‌സംബര്‍ഗിലെ ഇന്‍ര്‍നാഷണല്‍ സ്‌കൂളിലെ 12 വിദ്യാര്‍ഥികളാണ് അധ്യാപകനൊപ്പം ഇവിടെയുള്ളത്. ഇംഗ്ലണ്ടിനൊപ്പം ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട് . പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് തയ്യാറാക്കാന്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവ് ഇവര്‍ക്കുണ്ട്.
അങ്ങനെ എത്തപ്പെടുന്ന രാജ്യത്തെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ പഠനകാലത്തുതന്നെ ഇവര്‍ പണം സ്വരുക്കൂട്ടും. മണ്ണൂര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു ഹാളാണ് ഇവര്‍ നിര്‍മിച്ച് നല്‍കുന്നത്. നാലു ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കുന്നു. നാട്ടുകാരായ വിദഗ്ധ തൊഴിലാളികള്‍ക്കൊപ്പം ഇവരും ജോലിക്കിറങ്ങും. ഇടവേളകളില്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. കുട്ടികളെ തോളിലെടുത്ത് നടന്നാണ് ഇവര്‍ പഠിപ്പിക്കുന്നത്.
മണ്ണൂര്‍ സ്‌കൂളില്‍ ഞായറാഴ്ചയാണ് ഇവര്‍ എത്തിയത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ സംഘം അടുത്ത ആഴ്ച മടങ്ങും. പിന്നാലെ രണ്ട് സംഘമായി 27 പേര്‍ വരും.
അവരും െലക്‌സംബര്‍ഗ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഇവരെല്ലാം ഭക്ഷണം കഴിക്കാനുള്ള ഹാള്‍ നിര്‍മാണത്തില്‍ പങ്കാളികളാകും.
ജൂലായ് 19 മുതല്‍ 25 വരെ 16 പേരടങ്ങുന്ന മറ്റൊരുസംഘം എത്തിച്ചേരും. ഇവര്‍ കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും കഴിയാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കോപ്പുകളും സമ്മാനിക്കും.
വര്‍ക്കല, പെരിയാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലെ സ്‌കൂളുകളിലും ഇംഗ്ലണ്ടില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എത്തിയിട്ടുണ്ട്.



 

 




MathrubhumiMatrimonial