Crime News

വിതുര പെണ്‍വാണിഭക്കേസ്: ഒന്നാം പ്രതിയുടെ ഒരേ കുറ്റപത്രമുള്ള രണ്ടു കേസുകള്‍ കൂട്ടിച്ചേര്‍ത്തു

Posted on: 28 Jun 2015


കോട്ടയം: വിതുര പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി സുരേഷിന്റെ ഒരേകുറ്റപത്രമുള്ള രണ്ടു കേസുകള്‍ കൂട്ടിച്ചേര്‍ത്തു. സുരേഷിന്റെ കേസുകളുടെ കുറ്റപത്രത്തിന്‍മേലുള്ള വിചാരണ ശനിയാഴ്ച പരിഗണിച്ചപ്പോള്‍ പ്രത്യേകകോടതി ജഡ്ജി ഡോ. വിജയകുമാറാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ജഗതിശ്രീകുമാര്‍ ഉള്‍പ്പെട്ട കേസും ശനിയാഴ്ച അറസ്റ്റിലായ ഉദയചന്ദ്രന്റെ മറ്റൊരു കേസുമാണ് കൂട്ടിച്ചേര്‍ത്തത്. ജഗതിശ്രീകുമാറിനെയും മറ്റൊരു പ്രതി സിന്ധുവിനെയും നേരത്തേതന്നെ കുറ്റവിമുക്തരാക്കിയിരുന്നു.
കെ.ആര്‍. ഉദയചന്ദ്രനെക്കൂടാതെ ഒ.സി. കുട്ടന്‍, ജി. മോഹനന്‍ എന്നിവരായിരുന്നു മറ്റു പ്രതികള്‍. ഈ കേസുകളിലെ കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമികവാദം ജൂലായ് 25ന് നടത്തും.
18 വര്‍ഷമായി ഒളിവിലായിരുന്ന ഒന്നാംപ്രതി കൊല്ലം കടയ്ക്കല്‍ ജുബൈന മന്‍സിലില്‍ സുരേഷ് കഴിഞ്ഞ ഡിസംബറിലാണ് കീഴടങ്ങിയത്. ആദ്യഘട്ടത്തില്‍ പരിഗണിച്ച 17 കേസുകളിലെയും പ്രതികളെ വെറുതെ വിട്ടശേഷമാണ് സുരേഷ് കോടതിയില്‍ കീഴടങ്ങിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി കൂറുമാറിയതോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വിസ്താരവേളയില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ അഡ്വ. രാജഗോപാല്‍ പടിപുരയ്ക്കല്‍, കെ.പി. ഉദയഭാനു എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial