Crime News

പോലീസുകാര്‍ക്കെതിരായ പരാതികളില്‍ ഉദ്യോഗസ്ഥര്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കണം-ഡി.ജി.പി.

Posted on: 27 Jun 2015


കൊല്ലം: പോലീസുകാര്‍ക്കെതിരായ പരാതികളില്‍ ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെ അന്വേഷിച്ച് സത്യസന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡി.ജി.പി.നിര്‍ദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായും ആരോപിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവരാറുണ്ട്. അത്തരം പരാതികള്‍ പരിഗണിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലെയിന്റ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാറുണ്ട്.

എന്നാല്‍ പരാതികളുടെ നിജസ്ഥിതി വേണ്ടവിധം അന്വേഷിച്ച് സത്യസന്ധവും നിഷ്പക്ഷവുമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനുപകരം കീഴുദ്യോഗസ്ഥന്റെ വിശദീകരണം പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് അതുതന്നെ റിപ്പോര്‍ട്ടായി സമര്‍പ്പിക്കുന്നതായി കണ്ടുവരുന്നുണ്ടെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ആവലാതിക്കാരന് നീതി നിഷേധിക്കുന്നതിനോടൊപ്പം നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും മേലുദ്യോഗസ്ഥരുടെ അയഞ്ഞ സമീപനവും അലംഭാവവും വഴിയൊരുക്കും. അതിനാല്‍ റിപ്പോര്‍ട്ട് സത്യസന്ധവും വസ്തുതാപരവുമാണെന്ന് ഉറപ്പുവരുത്തിമാത്രമേ അധികാരസ്ഥാനങ്ങളില്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്ന് ഡി.ജി.പി.നിര്‍ദ്ദേശിച്ചു.

ചുമതലപ്പെട്ട മേലുദ്യോഗസ്ഥനുവേണ്ടി മറ്റൊരു ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കുന്നത് ഒഴിവാക്കണം. വിചാരണവേളയില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍തന്നെ ഹാജരാകണം. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥനെയോ ആരോപണവിധേയനായ ഉദ്യോഗസ്ഥനെയോ ഒരു കാരണവശാലും അതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ ചുമതലപ്പടുത്താന്‍ പാടില്ലെന്നും ജില്ലാ പോലീസ് മേധാവിമാരോടും റേഞ്ച് ഐ.ജി.മാരോടും നിര്‍ദ്ദേശിച്ചു.
ഇത്തരം കേസുകളില്‍ പോലീസുകാരെ രക്ഷിക്കാന്‍വേണ്ടി മേലുദ്യോഗസ്ഥര്‍ മേലില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി കഴിഞ്ഞ ഏപ്രിലില്‍ ഉത്തരവിട്ടിരുന്നു.

 

 




MathrubhumiMatrimonial