goodnews head

സുനിലിന്റെ ഓര്‍മകളില്‍ മിഷ ബസ്സില്‍ ഒരു സ്‌നേഹയാത്ര...

Posted on: 27 Jun 2015



തൃശ്ശൂര്‍: സമയം ഉച്ച 12.43. ശക്തന്‍ സ്റ്റാന്‍ഡിലേക്ക് തിക്കിത്തിരക്കി പ്രവേശിക്കുന്ന ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും ഇടയിലൂടെ മിഷ ബസ് പിന്നോട്ടെടുക്കുന്ന ഡ്രൈവര്‍ എന്‍.കെ. രാജന്‍. തൃപ്രയാര്‍ ബസ് ട്രാക്കില്‍ രണ്ട് മിനുട്ടേ സമയമുള്ളൂവെങ്കിലും രാജന്റെ മുഖത്ത് പ്രസരിപ്പേറെ...

ട്രാക്കിനുള്ളില്‍ വണ്ടി നില്‍ക്കുംമുമ്പേ മുന്‍വശത്തെ വാതില്‍ തുറന്ന് തലയിലെ തുണിക്കെട്ട് ബസിനുള്ളിലേക്ക് തള്ളിവച്ച് കമ്പിയില്‍ തൂങ്ങി ശാന്തേടത്തി ഉള്ളിലെത്തി. നൈറ്റി വില്പനയ്ക്ക് ഇഞ്ചമുടിയിലേക്കുള്ള സ്ഥിരം യാത്രക്കാരി. വേദനയുള്ള വലതുകാല്‍മുട്ട് തടവി സൈഡ്‌സീറ്റിലിരുന്ന് പഴ്‌സിലെ മടക്കിവച്ച മുഷിഞ്ഞ നോട്ടുകള്‍ പരതുന്നതിനിടയില്‍ ടിക്കറ്റിന് പകരം കണ്ടക്ടര്‍ ജയരാജ് നീട്ടിയത് വെള്ളനോട്ടീസ്. ഒപ്പം ജയരാജിന്റെ മറുപടിയും. ''ഇന്ന് ഫ്രീയാണേടത്തീ. കാശ് വേണ്ട. ഇതൊന്ന് വായിക്ക്'.
ശാന്തേടത്തിയെപ്പോലെ നിരവധി യാത്രക്കാരുടെ മനസ്സുകളില്‍ അദ്ഭുതവും ഓര്‍മകളും നിറച്ചായിരുന്നു തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന കെ.എല്‍.8 ഡബ്ല്യു 2175 നമ്പര്‍ മിഷ ബസിന്റെ വെള്ളിയാഴ്ചത്തെ യാത്ര. കഴിഞ്ഞ വര്‍ഷം ഇതേദിവസം ബസ്സിനുള്ളില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച കണ്ടക്ടര്‍ ചേര്‍പ്പ് മുട്ടിള്ളിയാല്‍ അമ്പുവളപ്പില്‍ സുനില്‍കുമാറിന്റെ ഓര്‍മയ്ക്കായാണ് ബസ്സില്‍ സൗജന്യയാത്ര ഒരുക്കിയത്.

'ഈ കുട്ടിയെ എനിക്കറിയാം'- 68-ാം വയസ്സിലും ശീലം വിടാത്ത മുറുക്കിന്റെ കറയുള്ള മോണകാട്ടി ച്ചിരിച്ച് സുനില്‍കുമാറിനെ ഓര്‍ത്തെടുക്കുകയാണ് ശാന്തേടത്തി.

സേവനസംഘടനയായ മുട്ടുള്ളിയാല്‍ 'നന്മ'യുടെ സജീവ പ്രവര്‍ത്തകന്‍. ബസ് യാത്രികര്‍ക്കെന്നല്ല, നാട്ടുകാര്‍ക്കും സുപരിചിതനായിരുന്നു സുനില്‍. ആ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ കൂട്ടുകാര്‍ ഒത്തു ചേര്‍ന്നപ്പോഴുണ്ടായ ആശയമാണ് മിഷ ബസ്സിലെ ഒരു ദിവസത്തെ സൗജന്യയാത്ര.

ഈ ചിന്തയുമായി ഷൈജുവും സുഹൃത്തുക്കളും ബസ്സുടമകളും നാട്ടിക സ്വദേശികളുമായ ഉല്ലാസിനെയും ഭൂപേഷിനെയും സമീപിച്ചു. ബസ്സില്‍ ആറുവര്‍ഷത്തോളം തൊഴിലാളിയായിരുന്ന സുനിലിനെ അടുത്തറിയാവുന്ന ഇരുവരും ഇതിന് പൂര്‍ണ സമ്മതം മൂളി. സുനില്‍കുമാറിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി കൂട്ടുകാര്‍ ചേര്‍ന്ന് സ്ഥാപിച്ച സുനില്‍കുമാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ തുടക്കവും വെള്ളിയാഴ്ചയായിരുന്നു.

മിഷ ഗ്രൂപ്പിന് ആറ് ബസ്സുകളാണ് തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലുള്ളത്. ബസ്സിന്റെ വശത്തും പുറകിലും വച്ച സൗജന്യയാത്രയെന്നെഴുതിയ ഫ്‌ലക്‌സ്‌ബോര്‍ഡ് വായിക്കാനുള്ള സമയമോ ക്ഷമയോ ഇല്ലാതെ സീറ്റുപിടിച്ച യാത്രക്കാര്‍ക്കും ഈ യാത്ര പുത്തന്‍ അനുഭവമായിരുന്നു.
ട്രാക്കിന് തൊട്ടുമുന്നില്‍ ഹോണ്‍ മുഴങ്ങി. അടുത്ത ബസ്. ഡ്രൈവര്‍ രാജന്‍ ഗിയര്‍ മാറി. മിഷ ബസിന്റെ സ്‌നേഹയാത്ര തുടരുകയായി....

 

 




MathrubhumiMatrimonial