
വീട്ടമ്മയുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരെ തലസ്ഥാനത്തെത്തിച്ചു
Posted on: 26 Jun 2015
ഫെയ്‌സ്ബുക്ക് സൗഹൃദം
നൈജീരിയക്കാര്‍ രാജ്യത്ത് നടത്തിയത് കോടികളുടെ തട്ടിപ്പ്

തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പാല്‍ക്കുളങ്ങര സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് പത്തരലക്ഷം രൂപ തട്ടിയെടുത്തതിന് ഡല്‍ഹിയില്‍ അറസ്റ്റിലായ നൈജീരിയക്കാരെ തലസ്ഥാനത്തെത്തിച്ചു. റിട്ട. ഐ.എ.എസ്. ഓഫീസറുടെ ഭാര്യയായ വീട്ടമ്മയുമായി ഫെയ്‌സ്ബുക്ക് വഴിയും ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചും സൗഹൃദം സ്ഥാപിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഡല്‍ഹിയിലെ പി.വി.ആര്‍. മാളില്‍ വച്ചാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സംഘം നൈജീരിയക്കാരായ ഒബേറോ സാറ്റര്‍ഡേ, പാസ്‌കല്‍ ഇക്കിയോമ എന്നിവരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ ഇവരുടെ സങ്കേതമായ മാളവിക നഗര്‍, സാകേത്, ഖാന്‍പൂര്‍ ദേവ്‌ലി, സംഘംവിഹാര്‍, തുഗ്ലക്കാബാദ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവര്‍ രാജ്യത്ത് നടത്തിയത് കോടികളുടെ തട്ടിപ്പാണ്.
ഒരു ബ്രിട്ടീഷ് പൗരന്റെ ഫോട്ടോ കാണിച്ച് സുഹൃദ്ബന്ധം സ്ഥാപിച്ച ഇവര്‍ കൈവശമുള്ള അഞ്ച് ലക്ഷം ബ്രിട്ടീഷ് പൗണ്ട് ഇന്ത്യയില്‍ കൊണ്ടുവന്ന് വീട് പണിയുന്നതിനും മറ്റും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. അയാള്‍ ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്ക് പണവുമായി യാത്ര തിരിക്കുകയാണെന്നും അറിയിച്ചു. പുതിയ സോഫ്‌റ്റ്വെയര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലണ്ടില്‍ നിന്നും വിളിക്കുമ്പോഴുള്ള നമ്പരിലാണ് ഇയാള്‍ ബന്ധപ്പെട്ടത്. അതിനുശേഷം താന്‍ ഇന്ത്യയില്‍ എത്തിയതായും എന്നാല്‍ തന്റെ കൈവശം കൂടുതല്‍ തുക ഉള്ളതിനാല്‍ എയര്‍പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അറിയിച്ചു.
ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുന്ന മറ്റൊരാള്‍ ഇന്ത്യന്‍ നമ്പരില്‍ നിന്നും വിളിച്ച് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണെന്നും തിരുവനന്തപുരത്തുള്ള സ്ത്രീക്ക് വേണ്ടി ബ്രിട്ടീഷ് പൗണ്ടുമായി ഒരാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടെന്നും അയാളെ തുകയുമായി കടത്തിവിടുന്നതിന് 67,500 രൂപ അവരുടെ അക്കൗണ്ടില്‍ ഇടണമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച സ്ത്രീ തുക നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുെവച്ചിരിക്കുകയാണെന്നും അവര്‍ പറയുന്ന 2,20,000 രൂപ അടച്ചാലേ അയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പണം കൊണ്ടുവന്നയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി 2,20,000 രൂപ നിക്ഷേപിച്ചു. പിന്നീട് തുക ഇന്‍ഷുര്‍ ചെയ്യുന്നതിന് 7,50,000 രൂപ ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതുപ്രകാരം അതും അക്കൗണ്ടില്‍ ഇട്ടുകൊടുക്കുകയായിരുന്നു. വീണ്ടും തുക ആവശ്യപ്പെട്ടതോടെ തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും, കിട്ടാവുന്ന പരമാവധി തുക കടം വാങ്ങിയതും നഷ്ടപ്പെട്ട സ്ത്രീ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ശ്യാംലാല്‍ ടി., സബ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍ ബി, ഹെഡ്‌കോണ്‍സ്റ്റബിളും സൈബര്‍ വിദഗ്ദ്ധനുമായ സുനില്‍കുമാര്‍ എന്നിവര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
