goodnews head

കുഞ്ഞു സ്വപ്നങ്ങള്‍ക്കായി ഒരു ഫാക്ടറി

Posted on: 25 Jun 2015

കൃഷ്ണ ഗോവിന്ദ്




നാളെകള്‍ അധികം ഇല്ലാത്ത കുരുന്നുകളുടെ കുഞ്ഞു സ്വപ്നങ്ങള്‍ സാക്ഷത്ക്കരിക്കാന്‍ വേണ്ടിയിട്ടുള്ള ഒരു ഫാക്ടറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.. അങ്ങനെയുള്ള ഒരു ഫാക്ടറിയാണ് ഡ്രീം ഫാക്ടറി. ഗുരുതരമായ രോഗബാധിതരായ, നാളെയെക്കുറിച്ച് അധികം പ്രതീക്ഷിക്കാന്‍ വകയില്ലാത്ത കുരുന്നുകളുടെ സ്വപ്നങ്ങള്‍ സ്വന്തം സ്വപ്നങ്ങള്‍ പോലെ കണ്ട് അത് സാക്ഷാത്ക്കരിക്കാന്‍ വേണ്ടി പ്രയ്തനിക്കുന്ന ഒരു സംഘടനയാണ് ഡ്രീം ഫാക്ടറി.

ഒരു കൂട്ടം ചെറുപ്പക്കാരായ മലയാളികളുടെ വേറിട്ട സംഘടന. നുവാല്‍സിലെ നിയമ വിദ്യാര്‍ത്ഥിയായ റിസ്വവാനയുടെയും, ടിജോ ഫിലിപ്പിന്റെയും അവരുടെ കൂട്ടുക്കാരുടെയും സ്വപ്ന പദ്ധതി ഡ്രീം ഫാക്ടറിയായി രൂപപ്പെട്ടത് 2013ലായിരുന്നു. ഇന്ന് ഡ്രീം ഫാക്ടറിക്ക് കേരളത്തില്‍ എണ്‍പത്തോളം വോളന്റിയറുമാരുണ്ട്. ചെന്നൈയില്‍ ഇരുപത്തോളം പ്രവര്‍ത്തകരുമായി ഡ്രീം ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ 1970കളില്‍ ആരംഭിച്ച് ഇപ്പോഴും മുന്നോട്ട് പോകുന്ന മെയ്ക്ക് എ വിഷന്‍ ഫൌണ്ടേഷന്റെ ആശയം കടമെടുത്താണ് ഈ ചെറുപ്പക്കാര്‍ ഈ സംഘടന ആരംഭിച്ചത്.

ഡ്രീം ഫാക്ടറി ആദ്യമായി സാക്ഷത്കരിച്ച സ്വപ്നം അഞ്ചു വയസ്സുക്കാരനായ അമലിന്റെയായിരുന്നു(പേര് യഥാര്‍ത്ഥമല്ല)വെന്ന് റിസ്വവാന പറയുന്നു. കണ്ണിന് അര്‍ബുദം ബാധിച്ച അമലിന്റെ എറ്റവും വലിയ സ്വപ്നം ഒരു അമ്യൂസ് മെന്റ് പാര്‍ക്കില്‍ പോകണമെന്നായിരുന്നു. ഡ്രീം ഫാക്ടറി മെമ്പറുമാര്‍ അമലിന്റെ ആഗ്രഹം സാധിക്കുന്നതിനായി വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കുമായി ബന്ധപ്പെട്ടത്തിന്റെ ഫലമായി അമലിനും കുടുംബത്തിനും പിന്നെ ഡ്രീം ഫാക്ടറി മെമ്പറുമാര്‍ക്കും ഒരു ദിവസം സൌജന്യമായി അവിടെ ചിലവഴിക്കാന്‍ അവസരം ലഭിച്ചു. കുത്തിവയ്പ്പിന്റെ ഭയമില്ലാതെ മരുന്നുകളുടെയും ചവര്‍പ്പില്ലാതെ അന്ന് അമല്‍ അനുഭവിച്ച സന്തോഷം, ഡ്രീം ഫാക്ടറി മെമ്പറുമാര്‍ക്ക് നല്‍കിയ അത്മവിശ്വാസവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നില്ലായെന്ന് റിസ്വവാന പറയുന്നു.

അടുത്ത സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഡ്രീം ഫാക്ടറി എത്തിയത് ഖാദിര്‍ (പേര് യഥാര്‍ത്ഥമല്ലാ) എന്ന കുഞ്ഞുകൂട്ടുക്കാരന്റെ അടുത്താണ്. ഖാദിറിന്റെ സ്വപ്നം ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോകണമെന്നായിരുന്നു. ഖാദിറിന്റെ സ്വപ്നം സഫലമാക്കാന്‍ ഡ്രീം ഫാക്ടറിയെ സഹായിച്ചത് ഞാറയ്ക്കലുള്ള ഗവണ്മെന്റ് ഫിഷറീസ് വകുപ്പാണ്. ഖാദിറിന്റെ സഹോദരിയ്ക്കും അര്‍ബുദം ആണെന്നറിവ് ഡ്രീം ഫാക്ടറിയുടെ മെമ്പറുമാര്‍ക്ക് വേദനയുണ്ടാക്കിയ സംഭവമായിരുന്നു. ഖാദിറിന് കണ്ണിനായിരുന്നു അര്‍ബുദമെങ്കില്‍ സഹോദരിയ്ക്ക് എല്ലിനായിരുന്നു.

ഒരു പകുതി ദിവസം മുഴുവന്‍ ഖാദിറിനെയും സഹോദരിയെയും കൊണ്ട് ബോട്ടില്‍ മീന്‍ പിടിക്കാന്‍ കറങ്ങിയ ശേഷം ഇവരെ കൊണ്ട് വോളന്ററിയന്‍മാര്‍ പോയത് എറണാകുളത്തെ ഒരു മാളിലും അവിടെയുള്ള ടോയ്‌സ് കോര്‍ണറിലുമൊക്കെയാണ്. അവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമയും അവര്‍ക്ക് ഇഷ്ടപ്പെട്ട ആഹാരങ്ങളൊരുക്കിയ അത്താഴത്തിനും ശേഷമാണ് അവരെ മടക്കിയച്ചത്. അന്ന് ഏറ്റവും സന്തോഷിച്ചത് ആ കുട്ടികളുടെ മതാപിതാക്കളാണെന്നാണ് ഡ്രീം ഫാക്ടറി മെമ്പഴ്‌സ് പറയുന്നത്. കാരണം അവര്‍ ഇതുവരെ ഈ കുട്ടികള്‍ ഇത്ര സന്തോഷത്തോടെ കണ്ടിട്ടില്ലത്രേ..

'ഇഷ്ടതാരം ദിലീപിനെ കാണണം' അതാണ് ഹൃദ് രോഗിയായ സനീഷിന്റെ (യഥാര്‍ത്ഥ പേരല്ലാ) സ്വപ്നം. നിസാരമായ ഈ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഡ്രീം ഫാക്ടറിയ്ക്ക് ആദ്യം സാധിച്ചില്ലാ. അതിനാല്‍ നന്നായി പടം വരയ്ക്കുമായിരുന്ന സനീഷിന്റെ മറ്റൊരാഗ്രഹം അവര്‍ സാധിച്ചു കൊടുത്തു. ബിനാലെ കാണാനായിരുന്നു സനീഷിന്റെ ആഗ്രഹം. ബിനാലെയില്‍ സനീഷിനെ കാത്തിരുന്നത് സ്വപ്നങ്ങളുടെയും അത്ഭുതങ്ങളുടെയും കാഴ്ചയായിരുന്നു. പല ബിനാലെ കലാകാരന്‍മാരും സനീഷിനെ കൊണ്ട് പടം വരപ്പിക്കുകയും അവരുടെ ചില ചിത്രങ്ങള്‍ സമ്മാനമായി നല്‍ക്കുകയും ചെയ്തു. അന്ന് സനീഷ് സന്തോഷത്തോടെ മടങ്ങിയെങ്കിലും അവന്റെഏറ്റവും വലിയ സ്വപ്നം നടത്തികൊടുക്കാന്‍ സാധിക്കാത്തതിനാല്‍ വോളന്ററിയന്‍മാര്‍ സങ്കടത്തിലായിരുന്നു. അതിനാല്‍ സനീഷിന് ദിലീപിനെ കാണിച്ച്‌കൊടുക്കാന്‍ ഡ്രീം ഫാക്ടറി നന്നായി പരിശ്രമിച്ചു. ഒടുവില്‍ സംവിധായകന്‍ സിദ്ധിക്കിന്റെ സഹായത്തോടെ സനീഷിന് ദിലീപിനെ കാണാനും ഒരു മണിക്കൂര്‍ ഇഷ്ടതാരത്തൊടൊപ്പം ചിലവഴിക്കാനും സാധിച്ചു.

സോണിയ (യഥാര്‍ത്ഥ പേരല്ലാ) എന്ന കൊച്ചു പൂമ്പാറ്റ ഡ്രീം ഫാക്ടറിയോട് പറഞ്ഞ സ്വപ്നം അവള്‍ക്ക് വാനില്‍ പാറിനടക്കുന്ന ഒരു എയര്‍ഹോസ്റ്റസ് ആകണമെന്നാണ്. അവളുടെ സ്വപ്നം സ്വന്തം സ്വപ്നമായി കണ്ട് സാധിച്ചു കൊടുക്കാന്‍ ഡ്രീം ഫാക്ടറിയുടെ ചേച്ചിമാരും ചേട്ടന്മാരും നന്നായി കഷ്ടപ്പെട്ടു. ഗുരുതരമായ ഹൃദ് രോഗമുള്ള സോണിയയുടെ സ്വപ്നം പരിചയക്കാര്‍ മുഖേനെ ഡ്രീം ഫാക്ടറി അംഗങ്ങള്‍ ഇന്‍ഡിഗോ എയര്‍വെയ്‌സ് അധികൃതരെ അറിയച്ചു. സോണിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ അവര്‍ അനുമതിയും നല്‍കി.

നെടുമ്പാശേരിയില്‍ നിന്നും തിരുവനന്തപുരത്തെയ്ക്കുള്ള സോണിയുടെ യാത്രയ്ക്ക് സ്വീകരണം നല്‍കിയത് ഇന്‍ഡിഗോയിലെ റോബി ജോണും, ഫ്ലൈറ്റ് ക്യാപ്റ്റന്‍ സഞ്ജീവ് മേത്തയും, ഫ്ലൈ അറ്റന്‍ഡന്മാരും, ക്രൂ അംഗങ്ങളുമായിരുന്നു. എയര്‍ഹോസ്റ്റസിന്റെ വേഷത്തിലെത്തിയ സോണിയ്ക്ക് നിര്‍ദ്ദേശവും ധൈര്യവും കൊടുത്തത് ഫ്ലൈറ്റ് അറ്റന്‍ഡന്മാരായ സ്‌റ്റെഫിയും, അന്‍ഷുവുമായിരുന്നു. യാത്രക്കാര്‍ക്ക് ആദ്യം തന്നെ സോണിയേപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും കന്നി വിമാനയാത്രയും അമ്പരപ്പും സ്വപ്ന സാക്ഷത്ക്കാരവും എല്ലാമായപ്പോള്‍ അവള്‍ പകച്ചുപോയി. പക്ഷെ പെട്ടെന്ന് തന്നെ അവള്‍ നല്ലൊരു ഫ്ലൈറ്റ് അറ്റന്‍ഡറായി യാത്രക്കാര്‍ക്കെല്ലാം പ്രിയങ്കരിയായി. ആകാശ കാഴ്ചകള്‍ മാത്രമല്ലാ തിരുവന്തപുരത്തെ നഗര കാഴ്ചകള്‍ കൂടി കാണിച്ചത്തിന് ശേഷമാണ് സോണിയെ ഡ്രീം ഫാക്ടറി മെമ്പഴ്‌സ് വീട്ടിലെത്തിച്ചത്.
പണമോ സ്വാധീനമോ അവരുടെ ജാതിയോ മതമോ ഒന്നും നോക്കിയല്ലാ ഡ്രീം ഫാക്ടറി കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

ഗുരുതരമായ അസുഖങ്ങളെ നേരിടുന്ന മരണത്തോട് മുഖാമുഖം നില്‍ക്കുന്ന കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാക്കാനാ!ണ് ഇവര്‍ കഷ്ടപ്പെടുന്നത്. രണ്ടര വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികളാണെയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ചുമ്മാതെയങ്ങ് ഈ കുട്ടികളുടെ അടുത്ത് ചെല്ലുകയല്ല വോളന്ററിയന്‍മാര്‍ ചെയ്യുന്നത്. ആദ്യം ഇവര്‍ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കും. കുട്ടികളുടെ മതാപിതാക്കളുടെ അനുമതിയോടു കൂടി കുട്ടികളുമായി നല്ല ബന്ധമുണ്ടാക്കി അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കും. കുട്ടികളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കിയത്തിന് ശേഷം മാതാപിതാക്കളുടെ അനുമതിയോടുകൂടിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്തതിന് ശേഷവും ഡ്രീം ഫാക്ടറി അവരൊടുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട് ഇതാണ് ഇവരെ മറ്റു സംഘടനകളില്‍ നിന്നും മാതൃക സംഘടനയായ മെയ്ക്ക് എ വിഷന്‍ ഫൌണ്ടേഷനില്‍ നിന്നും വിത്യസ്തരാകുന്നത്. ആ കുട്ടികള്‍ ജീവിച്ചിരിക്കുന്നടത്തോളം കാലം ഡ്രീം ഫാക്ടറി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്ന് അംഗങ്ങള്‍ പറയുന്നു.

ഡ്രീം ഫാക്ടറിയുടെ നിയമാവലികള്‍ പാലിക്കുകയും കുട്ടികളെ സ്‌നേഹിക്കുകയും ചെയ്യുന്ന ഏതോരാള്‍ക്കും ഇതില്‍ അംഗമാകാം. വോളന്ററിയന്‍മാര്‍ക്ക് സംഘടന പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ഡ്രീം ഫാക്ടറി പ്രധാനമായും രണ്ട്പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് സംഘടന സ്ഥാപകരില്‍ ഒരാളായ റിസ്വവാന പറയുന്നത്. ഒന്ന് സാമ്പത്തികം തന്നെയാണ്. കുട്ടികളുടെ പല സ്വപ്നങ്ങളും യഥാര്‍ത്ഥ്യമാക്കാന്‍ സാമ്പത്തികം ഒരു തടസ്സമാകുന്നുണ്ട്. ഇതിനെക്കാള്‍ പ്രധാനകാര്യം പുതിയ കുട്ടികളുടെ വിവരങ്ങള്‍ ലഭിക്കുന്നില്ലാ എന്നുള്ളതാണ്. കുട്ടികളുടെ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതരോ ബന്ധുക്കളോ തയ്യാറാക്കുന്നില്ലാ. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്ന്പൂര്‍ണ്ണ ഉറപ്പ് സംഘടന നല്‍കുന്നുണ്ടെങ്കിലും പലരും ഇവരുമായി സഹകരിക്കാന്‍ തയ്യാറാക്കുന്നില്ലാ. സ്വപ്നങ്ങള്‍ സാഫല്യമായ കുട്ടികള്‍ക്ക് ചികിത്സയില്‍ വളരെ നല്ലരീതിയിലുള്ള പ്രതികരണവും പുരോഗമനവും ഉണ്ടെന്നാണ് മാതാപിതാക്കളും ഡോക്ടറുമാരും പറയുന്നത്.

സ്വപ്നങ്ങള്‍ നിറവേറ്റാന്‍ സാധിച്ച കുഞ്ഞുങ്ങള്‍ക്ക് ഡ്രീം ഫാക്ടറി നല്‍കിയത് അവരുടെ സ്വപ്നങ്ങളിലെക്ക് എത്താനുള്ള സഹായമാത്രമായിരുന്നില്ലാ, അവര്‍ക്ക് പുതിയ സ്വപ്നങ്ങള്‍ കാണാനും ജീവിതത്തിനോടും രോഗത്തോടും പോരാടാനുമുള്ള ഒരു മനസ്സുമാണ് നല്‍കിയത്. 'മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി ജീവിക്കുക എന്നത് ഒരു മഹത്ത്കരമായ കാര്യമാണ്'

എമ്മാ റൂഷി
ഡ്രീം ഫാക്ടറിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്;
റിസ്വവാന 999 577 4619
ടിജോ ഫിലിപ്പ് 980 981 2295
factoryofjoy@gmail.com

 

 




MathrubhumiMatrimonial