Crime News

പരിയാരത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

Posted on: 25 Jun 2015


പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള സഹകരണ ഹൃദയാലയയിലെ പാരാ മെഡിക്കല്‍ കോഴ്‌സ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് കാമ്പസിലെ കുറ്റിക്കാടിനു സമീപമാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മറുനാടന്‍ തൊഴിലാളി സെയ്തുല്‍ ഇസ്!ലാമിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ കോളേജിനുസമീപം ദേശീയപാതയ്ക്ക് എതിര്‍വശത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനി താമസിച്ചിരുന്നത്. ഇവിടെനിന്ന് രാവിലെ ക്ലാസിലേക്ക് പോകാന്‍ കുറ്റിക്കാടുകള്‍ക്കിടയിലൂടെ എളുപ്പവഴിയുണ്ട്. ഇതുവഴി പോകുമ്പോഴാണ് ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശി പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. കോളേജ് കാമ്പസിനകത്തെ ഹോട്ടലില്‍ പാചകത്തൊഴിലാളിയാണ് സെയ്തുല്‍ ഇസ്!ലാം.
ഊടുവഴിയില്‍ ഒളിച്ചുനിന്ന യുവാവ് പെണ്‍കുട്ടിയെ കയറിപ്പിടിച്ച് വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. വിദ്യാര്‍ഥിനി കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മുഖത്തടിച്ച് വീണ്ടും ചുമലിലെടുത്തിട്ട് യുവാവ് കാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ നിലവിളി ദേശീയപാതയ്‌ക്കെതിര്‍വശത്തുള്ള കുന്നിനുമുകളിലെ വീട്ടില്‍നിന്ന് ഒരുകുട്ടി കേട്ടു. വിവരമറിഞ്ഞ് സമീപത്തെ പള്ളിയിലുള്ളവരും സ്ത്രീകളും നാട്ടുകാരുമടക്കം കുറ്റിക്കാട്ടിലേക്ക് ഓടിയെത്തി. ആളുകള്‍ ഓടിവരുന്ന ശബ്ദം കേട്ട് യുവാവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
പെണ്‍കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് പരിയാരം പോലീസും പരിയാരത്തെ ടാക്‌സി-ഓട്ടോ തൊഴിലാളികളും യുവാക്കളും കാട് അരിച്ചുപെറുക്കിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഉച്ചയോടെ ഏമ്പേറ്റ് പള്ളിക്കുസമീപം മുള്ളുവേലി ചാടിക്കടന്ന് റോഡിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
യുവാവ് മര്‍ദിച്ച് കീഴ്!പ്പെടുത്താന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പരിയാരം എസ്.ഐ. എ.കുട്ടിക്കൃഷ്ണന് മൊഴിനല്കി. പെണ്‍കുട്ടിയെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ കഴുത്തിലും ശീരരത്തിലും മര്‍ദനമേറ്റതിന്റെയും കൈ നഖത്തിന്റെയും പാടുകളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കാട്ടിലൂടെ വലിച്ചിഴയ്ക്കുന്നതിനിടയില്‍ മതിലില്‍ തട്ടി ദേഹത്ത് മുറിവേറ്റിട്ടുണ്ട്.

 

 




MathrubhumiMatrimonial