Ramzan Banner

ദൈവികവെളിപാടുകളുടെ വസന്തം

Posted on: 17 Sep 2009

പി.വി. അഹമ്മദ്‌കോയ



ദൈവികവെളിപാടുകളുടെ വസന്തകാലമായ റംസാന്‍ പ്രവാചകന്മാരുടെ കാലഘട്ടത്തെയാണ് കുറിക്കുന്നത്. വ്രതാനുഷ്ഠാനം മനുഷ്യസമൂഹത്തിന്റെ ആത്മീയ പുരോഗതിക്ക് ദൈവം നിശ്ചയിച്ച ചിരപുരാതനമായ ഒരു സമ്പ്രദായമാണ്. ബുദ്ധമതത്തിലും ജൈനമതത്തിലും ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ദൈവപ്രീതിക്കായി വിശ്വാസികള്‍ വ്രതം ആചരിക്കുന്നു.

യഥാര്‍ത്ഥ മതവിശ്വാസി ആഗ്രഹിക്കുന്നത് തനിക്ക് എപ്പോഴും റംസാന്റെ കാലഘട്ടം തന്നെ ഉണ്ടാകണമെന്നാണ്. നോമ്പനുഷ്ഠിക്കാതെ പെരുന്നാള്‍ കൊണ്ടാടുന്ന കുട്ടികളെപ്പോലെ ബാഹ്യമായ സന്തോഷപ്രകടനങ്ങളില്‍ അവര്‍ സംതൃപ്തരാകുന്നില്ല.

വിശുദ്ധ ഖുര്‍ആനിലെ ''സുറത്തുന്നസര്‍'' അവതരിച്ചപ്പോള്‍ തങ്ങള്‍ക്ക് വിജയത്തിന്റെയും ദൈവസഹായത്തിന്റെയും നാളുകള്‍ സമാഗതമായി എന്നു കരുതി തിരുനബിയുടെ സഹചരന്മാര്‍ സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍ ഇസ്‌ലാമിന്റെ ഒന്നാം ഖലീഫയായ ഹദ്‌റത്ത് അബൂബക്കര്‍ വിലപിക്കുകയായിരുന്നു. താങ്കള്‍ എന്തിനാണ് കരയുന്നത് എന്നു സഹചരന്മാര്‍ ചോദിച്ചപ്പോള്‍ തിരുനബിയുടെ ആഗമനോദ്ദേശ്യം പൂര്‍ത്തിയായാല്‍ അദ്ദേഹം നമ്മെ വിട്ടുപിരിയുമല്ലോ എന്നോര്‍ത്താണ് വിലപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകനില്‍ വിശ്വസിച്ചിരുന്നവര്‍ തങ്ങള്‍ക്ക് എപ്പോഴും റംസാന്റെ അനുഭൂതി ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.

തിരുനബിയുടെ വിയോഗത്തിനുശേഷം ഒരിക്കല്‍ അദ്ദേഹത്തിന്റെ പ്രിയപത്‌നി ഹദ്‌റത്ത് ആയിശ(റ)ക്ക് ഒരു സ്ത്രീ വളരെ നേര്‍മയായി പൊടിച്ച ഗോതമ്പുമാവിന്റെ റൊട്ടി ഉണ്ടാക്കിക്കൊടുത്തു. അവര്‍ അത് മുറിച്ചുവായിലിട്ടപ്പോള്‍ താഴോട്ടിറക്കുവാന്‍ സാധിച്ചില്ല. അവരുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി. ആ റൊട്ടി കൊണ്ടുവന്ന സ്ത്രീ കാരണം ചോദിച്ചപ്പോള്‍ ഹദ്‌റത്ത് ആയിശ(റ) പറഞ്ഞു. തിരുനബിയുടെ കാലത്ത് ഞങ്ങള്‍ക്കിത്ര മാര്‍ദ്ദവമേറിയ റൊട്ടി ലഭിച്ചിരുന്നില്ല. ഞങ്ങള്‍ ധാന്യം കല്ലില്‍ ഇടിച്ച് അതിന്റെ ഉമി ഊതിക്കളഞ്ഞാണ് റൊട്ടിയുണ്ടാക്കിയിരുന്നത്. എന്നാല്‍ താനും തന്റെ പ്രിയതമനും ഒന്നിച്ചിരുന്ന് ആ പരുപരുത്ത റൊട്ടി കഴിക്കുമ്പോഴുണ്ടായിരുന്ന ആനന്ദം ഞാന്‍ ഇതില്‍ കാണുന്നില്ല.''

യഥാര്‍ത്ഥത്തിലുള്ള സന്തോഷവും ആനന്ദവും വിശ്വാസികള്‍ക്ക് റംസാന്‍ മാസത്തിലാണ് ഉണ്ടാകുന്നത്.



MathrubhumiMatrimonial