goodnews head

അശരണരുടെ കണ്ണീരൊപ്പാന്‍ യോഗയുടെ വഴിയെ...

Posted on: 21 Jun 2015

കെ. ഷാജി





ഹരിപ്പാട്:
സൗജന്യമായി യോഗ പഠിക്കാം. പഠനം കഴിഞ്ഞാല്‍ പരിശീലകനാകണം, ഒപ്പം കഷ്ടപ്പെടുന്ന സഹജീവികള്‍ക്ക് കൈത്താങ്ങാവുകയും വേണം. ഹരിപ്പാട്ടെ 'മിത്രം' ആതുരസേവന സാംസ്‌കാരിക സംഘടനയാണ് യോഗയിലൂടെ, കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള വേറിട്ട വഴി തുറന്നിരിക്കുന്നത്.

കിടപ്പുരോഗികളായ 10 പേര്‍ക്ക് ഇവര്‍ മാസം 1000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നു. കോളനികള്‍ കേന്ദ്രീകരിച്ച് മുടങ്ങാതെ വൈദ്യപരിശോധനാ ക്യാമ്പുകള്‍ നടത്തി മരുന്ന് കൊടുക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങി ബോധവത്കരണം നടത്തി 4900 പേരില്‍നിന്നും അവയവദാന സമ്മതപത്രം വാങ്ങി ആരോഗ്യവകുപ്പിന് കൈമാറി. നാല് ലക്ഷം രൂപ ചെലവില്‍ ഒരാള്‍ക്ക് വീട് വച്ചുകൊടുത്തു. യോഗ പഠിച്ചിറങ്ങുന്നവര്‍ തങ്ങളുടെ ചെലവുകള്‍ ചുരുക്കി സ്വരുക്കൂട്ടുന്ന പണം വിനിയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്.

മിസോറം പോലീസില്‍നിന്ന് ഡിവൈ.എസ്.പി.യായി വിരമിച്ച ഹരിപ്പാട് തൃക്കാര്‍ത്തികയില്‍ കെ.എസ്. പണിക്കരാണ് മിത്രത്തിലെ യോഗാ ഗുരു. അമിതഭാരത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെടാനാണ് കെ.എസ്. പണിക്കര്‍ യോഗയില്‍ അഭയം തേടിയത്. നൂറ്് കിലോഗ്രാമില്‍നിന്ന് ഏഴുപതിലേക്ക് ഭാരം കുറഞ്ഞുകിട്ടി. ഇതിനൊപ്പം ജീവിതശൈലീരോഗങ്ങളില്‍നിന്നുള്ള മോചനവും. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ െഡപ്യൂട്ടി കമാന്‍ഡന്റായും സേവനം അനുഷ്ഠിച്ചിരുന്ന പണിക്കര്‍ 2011ല്‍ വിരമിച്ചു. നാട്ടിലെത്തിയശേഷം അയല്‍വാസികളെയും ബന്ധുക്കളെയും യോഗ പഠിപ്പിച്ചാണ് തുടക്കം.

2012 ഡിസംബറില്‍ 50 പേര്‍ക്കൊപ്പം മിത്രം ആതുര സാംസ്‌കാരിക സംഘടനയ്ക്ക് രൂപം നല്‍കി. അന്നുതന്നെ കിടപ്പുരോഗികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും ആരംഭിച്ചു. ഇതിനോടകം 10 ലക്ഷം രൂപയിലധികം ചികിത്സാസഹായം നല്‍കി.

കെ.എസ്. പണിക്കരുടെ മേല്‍നോട്ടത്തിലെ മുപ്പത്തിമൂന്നാമത് യോഗാ ബാച്ച് പടിഞ്ഞാറെനടയിലെ ബാലാജി നിവാസില്‍ പുരോഗമിക്കുകയാണ്. രാവിലെ 6.15 മുതല്‍ ഏഴരവരെയാണ് പരിശീലനം. ആര്‍ക്കും കടന്നുവരാം. ജാതിയും മതവും പ്രായവും ഒന്നും പ്രശ്‌നമല്ല. സേവനം ചെയ്യാനുള്ള മനസ്സുണ്ടാകണമെന്നു മാത്രം. രോഗങ്ങള്‍ മാറാനല്ല, വരാതിരിക്കാനാണ് യോഗാപഠനമെന്നതാണ് പണിക്കരുടെ ഉപദേശം. യോഗയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്നവര്‍ സമൂഹത്തിന് നല്ലതു ചെയ്യണം എന്ന വലിയ സന്ദേശമാണ് 'മിത്രം' മുന്നോട്ടുവയ്ക്കുന്നത്.

 

 




MathrubhumiMatrimonial