goodnews head

പുസ്തകങ്ങള്‍ക്കൊപ്പം അബ്ദുള്‍ ലത്തീഫിന്റെ യാത്ര

Posted on: 19 Jun 2015



കൊച്ചി: മാനേജ്‌മെന്റ് ബിരുദം, ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗം. എന്നാല്‍, തോപ്പുംപടി സ്വദേശി അബ്ദുള്‍ ലത്തീഫിന്റെ ഇഷ്ടം പുസ്തകങ്ങളോടായിരുന്നു. അത് നിറവേറ്റാന്‍ വലിയ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് അയാള്‍ നാട്ടിലെത്തി.

ഒരു വ്യാഴവട്ടം മുന്‍പ് അബ്ദുള്‍ ലത്തീഫ് തുടങ്ങിയ പുസ്തകശാല കൊച്ചിയിലെ സെക്കന്റ് ഹാന്‍ഡ് പുസ്തകങ്ങള്‍ തിരയുന്നവരുടെ ഇഷ്ടസങ്കേതമാണ്. പുസ്തകങ്ങളോടുള്ള ഇഷ്ടം മൂത്ത് 2004ല്‍ ആണ് എറണാകുളം പ്രസ് ക്ലബ്ബ് റോഡില്‍ 'ബ്ലോസം' എന്ന പേരില്‍ പുസ്തകശാലയ്ക്ക് തുടക്കമാകുന്നത്. അതേ വര്‍ഷം തന്നെ ജോലിതേടി വിദേശത്തേക്ക് പോയെങ്കിലും തൊട്ടടുത്ത വര്‍ഷം പുസ്തകങ്ങള്‍ക്കരികിലേക്ക് അബ്ദുള്‍ ലത്തീഫ് തിരികെയെത്തി.
ന്യൂഡല്‍ഹിയിലും മുംബൈയിലും പോയി നേരിട്ട് പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായനക്കാര്‍ക്ക് എത്തിക്കുകയാണ് ഇദ്ദേഹത്തിന്റെ രീതി. എല്ലാ മാസവും രണ്ടാഴ്ചയോളം നീളും പുസ്തകങ്ങള്‍ തേടിയുള്ള അബ്ദുളിന്റെ യാത്രകള്‍.

'വായന വളരുകയാണ്. അതിരുകളില്ലാതെ' അദ്ദേഹം പറയുന്നു. 'ഇന്റര്‍നെറ്റും അനുബന്ധ സേവനങ്ങളും യുവാക്കള്‍ക്കിടയില്‍ വായന വളരുന്നതിന് സഹായിച്ചിട്ടുണ്ട്. എന്നത്തേക്കാള്‍ ഏറെ ആളുകള്‍ ഇപ്പോള്‍ വായിക്കുന്നു. ഏത് പ്രസാധകന്റെയും പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് വേണ്ടി എത്ര രൂപ ചെലവഴിക്കാനും തയ്യാറാകുന്നവരുമുണ്ട്' അബ്ദുള്‍ ലത്തീഫ് പറയുന്നു.
മറ്റ് മഹാനഗരങ്ങള്‍ക്ക് സമാനമായി കൊച്ചിയില്‍ ഒരു വായനാ സംസ്‌കാരം നിലനില്‍ക്കുന്നുണ്ട്. അത് തന്നെയാണ് തന്റെ പ്രസ്ഥാനത്തിന്റെ വിജയമായി ഇദ്ദേഹം കണക്കാക്കുന്നത്.

 

 




MathrubhumiMatrimonial