Crime News

കോടതിപരിസരത്ത് ഭാര്യയെയും കാമുകനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു

Posted on: 19 Jun 2015


കോഴിക്കോട്: ജില്ലാ കോടതി ഗെയിറ്റില്‍ ഭാര്യയെയും കാമുകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ പോലീസിന് കീഴടങ്ങി. രണ്ടാംതവണയും കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടിയതിന്റെയും രണ്ടാമത്തെ മകനെ നല്‍കാതെ ഭീഷണിപ്പെടുത്തിയതിന്റെയും വൈരാഗ്യമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി.

കൊറിയര്‍ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവര്‍ കോടഞ്ചേരി വെള്ളാപള്ളിവീട്ടില്‍ വി.ജിന്റോ (25), കോടഞ്ചേരി മൈക്കാവ് പുന്നക്കൊമ്പില്‍ വീട്ടില്‍ ബിന്ദു (30) എന്നിവരെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കോടഞ്ചേരി മൈക്കാവ് കൊട്ടാരപ്പറമ്പില്‍ വീട്ടില്‍ കെ.എസ്.സുനില്‍കുമാറിനെ (42) ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജില്ലാ കോടതിയുടെ വടക്കെ ഗെയിറ്റിന് സമീപം കോണ്‍വെന്റ് റോഡില്‍ വെച്ചാണ് സംഭവം.

മാരകമായി കുത്തേറ്റ് രക്തം വാര്‍ന്ന് കുടല്‍മാല പുറത്തായിക്കിടന്ന ജിന്റോയേയും വയറിന് കുത്തേറ്റ ബിന്ദുവിനെയും കോടതിയില്‍നിന്ന് പുറത്തിറങ്ങി വന്ന അഡ്വ. പി. കുമാരന്‍കുട്ടിയും അഡ്വ. നിര്‍മലയും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ഇരുവരെയും ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയക്കു വിധേയരാക്കി. സുനില്‍ കുത്താനുപയോഗിച്ച കത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

ജിന്റോയില്‍നിന്ന് രക്ഷനേടാന്‍ രണ്ടാഴ്ച മുമ്പാണ് സുനില്‍കുമാര്‍ ഭാര്യയെയും പന്ത്രണ്ടും ഏഴും വയസ്സുള്ള രണ്ട് ആണ്‍മക്കളെയും കൂട്ടി നിലമ്പൂര്‍ എരുമമുണ്ടയിലെ ഒരു വീട്ടിലേക്ക് താമസം മാറിയത്. അവിടെനിന്ന് ജൂണ്‍ 12ന് പകല്‍ ബിന്ദു ഇളയമകനെയുംകൂട്ടി ജിന്റോയോടൊപ്പം ഒളിച്ചോടി. വിവരം പുറത്തറിയിച്ചാല്‍ ഇളയ മകനെ കൊല്ലുമെന്ന് ജിന്റോ സുനിലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, ബുധനാഴ്ച വിവാഹമോചനത്തിനു തയ്യാറാണെന്നും കോഴിക്കോട്ടെ കുടുംബകോടതിയില്‍ സംയുക്ത അപേക്ഷ നല്‍കാമെന്നും സുനില്‍ വാഗ്ദാനം ചെയ്തു. ഇതേത്തുടര്‍ന്ന് ബിന്ദുവും ജിന്റോയും കോഴിക്കോട്ടെത്തി സുനിലിനെയും ഓട്ടോറിക്ഷയില്‍ കയറ്റി കോടതിപരിസരത്തെത്തി. ജിന്റോ ഓട്ടോറിക്ഷയുടെ പണം നല്‍കുന്നതിനിടെ സുനില്‍ കൈയില്‍ക്കരുതിയ കത്തിയെടുത്ത് ആദ്യം പിറകില്‍നിന്ന് കഴുത്തിനു വെട്ടി. തുടര്‍ന്ന് കൈക്കും വയറിനും കുത്തി. തടയാന്‍ ശ്രമിക്കുന്നതിനിടെ ബിന്ദുവിന്റെ വയറിനും കൈക്കും കുത്തേറ്റു. പ്രതിയെ വെള്ളിയാഴ്ച കോടതിമുമ്പാകെ ഹാജരാക്കുമെന്ന് ടൗണ്‍ സി.ഐ. ടി.കെ. അഷറഫ് അറിയിച്ചു.


 

 




MathrubhumiMatrimonial