goodnews head

'നമ്മുടെ നാട്' കൈകോര്‍ത്തു; റംലയ്ക്കും മക്കള്‍ക്കും തലചായ്ക്കാനിടമായി

Posted on: 18 Jun 2015


ചീമേനി: ചെറ്റക്കുടിലില്‍ അസുഖങ്ങളോട് പൊരുതുന്ന റംലയ്ക്കും മക്കള്‍ക്കും ഇനി മഴനനയാതെ കഴിയാം. വര്‍ഷങ്ങളായി റംലയുടെ ഭര്‍ത്താവ് ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയാലിസിസ് ചെയ്തുവരികയാണ്. വിദ്യാര്‍ഥികളായ മൂന്ന് പെണ്‍മക്കളുള്ള കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ 'നമ്മുടെ നാട്' വാട്‌സ് ആപ്പ് കൂട്ടായ്മയാണ് വീട് നിര്‍മിച്ചുനല്കിയത്.

കാക്കടവ് അരീങ്കല്ലിലെ എ.കെ.റംലയ്ക്കാണ് വീട് നിര്‍മിച്ചുനല്കിയത്. പ്ലാസ്റ്റിക് ഷീറ്റുവലിച്ചുകെട്ടിയ കുടിലിലായിരുന്നു ഇവരുടെ താമസം. ദാരിദ്ര്യംമൂലം പാതിവഴിയിലായ കുടുംബത്തിന്റെ വീടുനിര്‍മാണം വാട്‌സ് ആപ്പ് കൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു.

നാട്ടുകാരുടെ സഹകരണവും ഗള്‍ഫ് നാടുകളിലെ കൂട്ടായ്മയിലെ കണ്ണികളും ഒത്തുചേര്‍ന്നപ്പോള്‍ റംലയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു. തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ടി.കെ.പൂക്കോയ തങ്ങള്‍ താക്കോല്‍ കൈമാറി. ചടങ്ങില്‍ അബ്ദുള്‍ റഹീം അത്തൂട്ടി അധ്യക്ഷതവഹിച്ചു. അബ്ദുള്‍ റഹ്മാന്‍, നൗഷാദ് ഇളമ്പാടി, പി.സി.ഇസ്മയില്‍, സെമീര്‍ മൗലവി, സിറാജ് കാക്കടവ്, റഫീഖ് കാക്കടവ് എന്നിവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial