
സോളാര്‍ തട്ടിപ്പ്: സരിത കത്തെഴുതിയത് ജയിലില്‍ വെച്ചല്ലെന്ന് സൂപ്രണ്ട്
Posted on: 18 Jun 2015

തന്റെ സാന്നിധ്യത്തിലാണ് കൈമാറിയതെങ്കിലും കത്ത് താന്‍ വായിച്ചില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. കേസ് സംബന്ധമായ ഒരു കുറിപ്പ് വക്കീലിന് നല്‍കാന്‍ സരിത അനുമതി ചോദിച്ചപ്പോള്‍ താന്‍ സമ്മതിക്കുകയായിരുന്നു. കുറിപ്പ് 21 പേജുണ്ടെന്ന് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. ജൂലായ് 20 ന് രാത്രിയിലാണ് സരിതയെ പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ കസ്റ്റഡിയില്‍ നിന്ന് പത്തനംതിട്ട ജയിലിലേക്ക് കൊണ്ടുവന്നത്. സരിത വരുമ്പോള്‍ കൈവശം ഈ കുറിപ്പുണ്ടായിരുന്നു. ദേഹപരിശോധനാ സമയത്ത് ജയിലിലെ വനിതാ വാര്‍ഡര്‍മാര്‍ക്ക് ഈ കുറിപ്പ് കിട്ടി. എന്നാല്‍ കേസ് സംബന്ധിച്ച രേഖകളാണ് എന്ന് സരിത പറഞ്ഞതിനാല്‍ അവര്‍ അത് തിരിച്ച് സരിതയെത്തന്നെ ഏല്പിച്ചുവെന്നും സൂപ്രണ്ട് മൊഴി നല്‍കി.
ജൂലായ് 22 ന് സരിതയെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവനുസരിച്ച് വീണ്ടും പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. 22 ന് പത്തനംതിട്ട ജയിലില്‍ നിന്ന് പോകുമ്പോള്‍ സരിതയുടെ പക്കല്‍ ഈ കുറിപ്പുമുണ്ടായിരുന്നു. 24 ന് കസ്റ്റഡി തീര്‍ന്ന് സരിതയെ വൈകീട്ട് 4.30-നാണ് തിരികെ കൊണ്ടുവന്നത്. അപ്പോഴും ൈകയില്‍ കുറിപ്പുണ്ടായിരുന്നുവെന്ന് ദേഹപരിശോധന നടത്തിയ വാര്‍ഡര്‍മാര്‍ പറഞ്ഞിരുന്നു. ജയിലില്‍ നിന്ന് സരിതയ്ക്ക് കടലാസ് നല്‍കിയിട്ടില്ല. ജയിലില്‍ നിന്നുള്ള കടലാസുകളിലല്ല സരിത എഴുതിയിട്ടുള്ളതെന്നും സൂപ്രണ്ട് പറഞ്ഞു.
അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് നസീറ ബീവിയുടെ മൊഴിയും ബുധനാഴ്ച കമ്മീഷന്‍ രേഖപ്പെടുത്തി. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിന് പദ്ധതിരേഖ സമര്‍പ്പിച്ച ആന്റോ, അഡ്വ. കെ. രാജന്‍ എന്നിവര്‍ വ്യാഴാഴ്ച കമ്മീഷന് മൊഴി നല്‍കും.
