
ഇവര്‍ പാടുന്നു... സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍
Posted on: 17 Jun 2015

മറയൂര്‍: സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായംതേടി ഒരു സംഘം ഗായകര്‍ രംഗത്ത്. വൃക്കരോഗംബാധിച്ച് ഡയാലിസിസിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കാന്തല്ലൂര്‍ പഞ്ചായത്തിലെ ഇടക്കടവ് രാജമറ്റത്തില്‍ ബാബുജോസഫിന്റെ (39) ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് ഇവര്‍ ഗാനമേള നടത്തുന്നത്.
മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ഗ്രാമങ്ങളില്‍ ഗാനമേളനടത്തി ആളുകളില്‍നിന്ന് സഹായം തേടുകയാണ് ഈ കലാകാരന്മാര്‍. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ചികിത്സാചെലവ് വഹിക്കാനുള്ള കഴിവില്ല. വൃക്ക നല്‍കുന്നതിന് ബാബു ജോസഫിന്റെ പിതാവ് ജോസഫ് വര്‍ഗീസ് തയ്യാറാണ്. ശസ്ത്രക്രിയയുടെ ചെലവിനാണ് ഈ തുക വേണ്ടിവരുന്നത്. എറണാകുളത്തെ സ്വകാര്യആസ്പത്രിയില്‍ ചികിത്സ നടത്തിവരുന്ന ഈ യുവാവിന് ആഴ്ചയില്‍ 3000 രൂപയിലധികം ചെലവഴിക്കേണ്ടിവരുന്നു. വണ്ടിക്കൂലിയും മറ്റുെചലവും വേറെ.
ധനുഷ്‌കോടി, ജോസ് ഡൊമിനിക്ക്, സിബി ഡൊമിനിക്ക്, പരംശിവന്‍ എന്നീ യുവാക്കളാണ് ബാബുജോസഫിനുവേണ്ടി പാട്ടുപാടാനെത്തുന്നത്. സംരംഭത്തിന് ജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. സാബു ജോസഫിനെ സഹായിക്കാന്‍ അടിമാലി ഐഡിബിഐ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 1433104000016931. IFSC code IBKL 0001433.
