Crime News

ഒന്നരവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസില്‍ യുവതി അറസ്റ്റില്‍

Posted on: 17 Jun 2015


കൊലപ്പെടുത്തിയത് ഭര്‍തൃസഹോദരന്റെ മകളെ

പൊന്നാനി: ഒന്നരവയസ്സുള്ള കുട്ടിയെ വീട്ടിലെ കിണറ്റിലെറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ്‌ചെയ്തു.
അഴീക്കല്‍ കല്ലൂക്കാരന്റെ വീട്ടില്‍ സുമയ്യ(24)യെയാണ് വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ് അറസ്റ്റ്‌ചെയ്തത്. അഴീക്കല്‍ കല്ലൂക്കാരന്‍ സക്കറിയയുടെ മകള്‍ ഷിഫാന നസ്‌റിനാണ് കൊല്ലപ്പെട്ടത്.

സക്കറിയയുടെ സഹോദരന്റെ ഭാര്യയാണ് അറസ്റ്റിലായ സുമയ്യ. വീട്ടിലുള്ളവര്‍ ഷിഫാനയോട് കൂടുതല്‍ സ്‌നേഹം കാണിച്ചുവെന്ന തോന്നലും അതിലുണ്ടായ ദേഷ്യവുമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.

ജൂണ്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ: രാത്രി വീട്ടിലുള്ളവര്‍ മുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കെ അകത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഷിഫാന നസ്‌റിനെ നാലടി ഉയരത്തില്‍ ആള്‍മറയുള്ള കിണറ്റില്‍ സുമയ്യ കൊണ്ടിടുകയായിരുന്നു. കുട്ടിയ കാണാതെ വീട്ടുകാരും നാട്ടുകാരും പരിസരംമുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ തിരയാന്‍ സുമയ്യയും ഇവരോടൊപ്പമുണ്ടായിരുന്നു.

പിറ്റേദിവസം രാവിലെ കുട്ടിയുടെ മൃതദേഹം കിണറ്റില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. നാലടി ഉയരമുള്ള ആള്‍മറയുള്ള കിണറ്റില്‍ ഒന്നരവയസ്സുള്ള കുട്ടി എങ്ങനെ വീണുവെന്ന് സംശയമുണ്ടായി. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുമയ്യയാണ് പ്രതിയെന്നു കണ്ടെത്തിയത്. രണ്ടുമാസം ഗര്‍ഭിണിയായ സുമയ്യയെ ആസ്പത്രിയില്‍ ചികിത്സ നല്‍കിയശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കി മഞ്ചേരി വനിതാജയിലില്‍ റിമാന്‍ഡ്‌ചെയ്തു.

 

 




MathrubhumiMatrimonial