Crime News

നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: വിദേശത്തേക്ക് ഹവാല വഴി 100 കോടി കടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

Posted on: 17 Jun 2015

ബിനില്‍ കുമാര്‍ ബി.പി.



കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ 100 കോടി ഹവാല വഴി വിദേശത്തേക്ക് കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. അല്‍ സറഫ ഉടമ ഉതുപ്പിന്റെ കൂട്ടാളി നോബിക്കാണ് ദുബായില്‍ പണം നല്‍കിയിരുന്നത്. റഷീദ് എന്നയാളാണ് ദുബായിലെ ഹവാല ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി.

നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ അല്‍ സറഫ ഏജന്‍സി തട്ടിയെടുക്കുന്ന പണം അതത് ദിവസം തന്നെ ചങ്ങനാശ്ശേരിയിലെ സുരേഷ് ഫോറെക്‌സിലും മലബാര്‍ കറന്‍സി എക്‌സ്‌ചേഞ്ചിലും എത്തിയിരുന്നു. ദിവസവും 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളാണ് നടന്നിരുന്നത്. അല്‍ സറഫ ഉടമ ഉതുപ്പിന്റെ ഡ്രൈവര്‍ സരനും സുരേഷ് ഫോറെക്‌സിലെ ജീവനക്കാരായ ശ്രീജിത്തും സിജുവുമാണ് പണം മലബാര്‍ കറന്‍സി എക്‌സ്‌ചേഞ്ചില്‍ എത്തിച്ചിരുന്നത്.

ഇതിന്റെ ഉടമ നാസറിന്റെ മരുമകന്‍ റിയാസും പണം എത്തിച്ചിട്ടുണ്ട്. ഏകദേശം 100 കോടിയോളം രൂപയാണ് ഇത്തരത്തില്‍ കോഴിക്കോട്ടെ സ്ഥാപനത്തില്‍ എത്തിയത്. ഇവിടെ കിട്ടുന്ന ഇന്ത്യന്‍ രൂപയ്ക്ക് പകരമായി ദുബായില്‍ ദിര്‍ഹമാണ് നല്‍കിയിരുന്നത്. റഷീദ് എന്നയാളാണ് ദുബായിലെ ഹവാല ഏജന്റ്.

പ്രതിമാസം 200 ദിര്‍ഹമാണ് ഇതിന് പ്രതിഫലമായി നല്‍കിയിരുന്നത്. ഉതുപ്പിന്റെ സഹായി നോബിക്കാണ് ഹവാലാ പണം എത്തിയിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇതിനിടെ കേസില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്ത പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫസ് ലോറന്‍സിന്റെ കസ്റ്റഡി അപേക്ഷ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കോടതി മടക്കി. സത്യവാങ്മൂലത്തോടൊപ്പം പുതിയ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഡോള്‍ഫസിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് സി.ബി.ഐ. ആവശ്യപ്പെട്ടിരിക്കുന്നത്.

മലബാര്‍ ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ച് ഉടമ നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ഇയാളുടെ ജാമ്യാപേക്ഷ 18 ന് പരിഗണിക്കും. തിങ്കളാഴ്ചയാണ് നാസറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ഉതുപ്പ് വര്‍ഗീസിന് തട്ടിപ്പിന് വേണ്ട സഹായങ്ങള്‍ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

 

 




MathrubhumiMatrimonial