Crime News

സ്വര്‍ണക്കടത്ത് തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി സിയാല്‍

Posted on: 17 Jun 2015


പാന്റ്‌സിന് പോക്കറ്റ്് പാടില്ല, മൊബൈലിന് നിരോധനം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വിവിധ ഏജന്‍സികളിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി വന്‍ തോതില്‍ സ്വര്‍ണം കടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിയാല്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി. ടെര്‍മിനലുകളിലും എയര്‍ സൈഡിലും ജോലി നോക്കുന്നവര്‍ക്ക്്് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി. ജോലിസമയത്ത്് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കരുതെന്ന് സിയാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡ്യൂട്ടി മൊബൈല്‍ മാത്രമേ ഉപയോഗിക്കാവൂ. എയര്‍സൈഡില്‍ പോകുമ്പോള്‍ കൈവശം ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പാടില്ല. ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിക്കണമെന്നും സിയാല്‍ ഏജന്‍സികളോടാവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാര്‍ യൂണിഫോം ആയി ധരിക്കുന്ന പാന്റ്‌സില്‍ ഇനി പോക്കറ്റ് പാടില്ലെന്നും സിയാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷര്‍ട്ടില്‍ മാത്രമേ പോക്കറ്റ് പാടുള്ളൂ. ഒരാളെ തന്നെ എയര്‍സൈഡിലും ടെര്‍മിനലിലും ജോലി ചെയ്യാന്‍ അനുവദിക്കില്ല. ജോലി കഴിഞ്ഞ് പുറത്ത് പോകുമ്പോഴും ജീവനക്കാരെ നിര്‍ബന്ധമായും ദേഹ പരിശോധന നടത്തണമെന്നും സിയാല്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിയാല്‍ നല്‍കിയിട്ടിള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഏജന്‍സികള്‍ സാവകാശം ചോദിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിരോധിക്കുന്നതിനാല്‍ ഏജന്‍സികള്‍ക്ക് വാക്കി ടോക്കി ഉള്‍പ്പെടെയുള്ള ആശയ വിനിമയ ഉപകരണങ്ങള്‍ കൂടുതലായി വാങ്ങേണ്ടി വരും. അതിനാല്‍ സാവകാശം അനുവദിച്ചിട്ടുമുണ്ട്്. 25 മുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സിയാല്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എയര്‍സൈഡിലെ ജോലിക്ക് ശേഷം ടെര്‍മിനലിലേയ്ക്ക് എത്തുന്ന ജീവനക്കാരെ ഗേറ്റില്‍ വെച്ച് ദേഹ പരിശോധന നടത്തണമെന്ന് നിര്‍ദേശമുള്ളതാണെങ്കിലും അത് കൃത്യമായി പാലിക്കാറില്ലായിരുന്നു. കോട്ടുധാരികളായ, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ പരിശോധന കൂടാതെയാണ് കടന്നുപോകാറുള്ളത്. സ്ഥിരം കാണുന്ന മുഖങ്ങളായതിനാലാകാം സിഐഎസ്എഫ് ഇവരെ പരിശോധിക്കാത്തത്. ഈ അവസരം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സി ജീവനക്കാര്‍ ഉപയോഗപ്പെടുത്തി സ്വര്‍ണം കടത്തുകയായിരുന്നു. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതോടെ സിഐഎസ്എഫ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial