Crime News

വെടിപൊട്ടിയത് പിടിവലിക്കിടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

Posted on: 14 Jun 2015


അജികുമാര്‍ ഒന്നാംപ്രതിയാവും


മഞ്ചേരി:
കോഴിക്കോട് വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാംഗങ്ങള്‍ സി.ഐ.എസ്.എഫ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ പിസ്റ്റളുള്ള കൈയില്‍ കയറിപ്പിടിച്ചപ്പോഴാണ് വെടിപൊട്ടി സി.ഐ.എസ്.എഫ് ജവാന്‍ എസ്.എസ്. യാദവ് മരിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
ചൗധരിയുടെ ഇടതുകൈ തുളച്ചുകയറിയ വെടിയുണ്ട എസ്.എസ്. യാദവിന്റെ ഇടതുകവിളിലൂടെ തലയില്‍ കയറിയാണ് അദ്ദേഹം മരിച്ചതെന്നാണ് അന്വേഷണസംഘം മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘര്‍ഷസ്ഥലത്തുനിന്ന് പോവാന്‍ ശ്രമിച്ചിട്ടും പിന്‍തുടര്‍ന്ന് അഗ്നിരക്ഷാസേന മര്‍ദിച്ചതോടെയാണ് ചൗധരി അരയില്‍ തിരുകിയ പിസ്റ്റള്‍ എടുത്ത് ലോഡ് ചെയ്തത്. പ്രശ്‌നത്തിന് തുടക്കമിട്ടതും മറ്റു സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതും അഗ്നിരക്ഷാസേനയിലെ സൂപ്പര്‍വൈസര്‍ അജികുമാറാണ്. തുടര്‍ന്ന് ആംബുലന്‍സിലും ജീപ്പിലുമായെത്തി അജികുമാറും സഹപ്രവര്‍ത്തകരും ചൗധരിയെ മര്‍ദിക്കുകയായിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട യാദവിനെയും അഗ്നിരക്ഷാസേന മര്‍ദിച്ചു. ജോലി തടസ്സപ്പെടുത്തണമെന്നും കൈയേറ്റം ചെയ്യണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് അഗ്നിരക്ഷാസേന സംഘംചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘര്‍ഷത്തിന് തുടക്കമിട്ടയാള്‍ എന്നനിലയില്‍ അജികുമാറായിരിക്കും കേസില്‍ ഒന്നാംപ്രതിയെന്ന് പോലീസ് പറഞ്ഞു. ഒന്‍പതുപേരെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും പ്രതിപ്പട്ടിക രണ്ടുമുതല്‍ പത്തുവരെയാണ് തയ്യാറാക്കിയത്. അജികുമാര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ആസ്പത്രിവിട്ടയുടന്‍ അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യും.

 

 




MathrubhumiMatrimonial