Crime News

മണല്‍ മാഫിയ എസ്.ഐ.യെ ആക്രമിച്ചത് ജാക്കി ലിവറും കൈക്കോട്ടിന്റെ പിടിയും ഉപയോഗിച്ച്‌

Posted on: 14 Jun 2015


തളിപ്പറമ്പ്: പരിയാരത്തെ എസ്.ഐ. രാജന്‍ അകപ്പെട്ടത് ഇരയെ തേടിയവരുടെ മുന്നിലെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ലത്തീഫും കൂട്ടാളികളും ഓടിച്ച വാഹനത്തില്‍ ഏകനായി കയറിയ പോലീസ് ഓഫീസറെ വാഹനത്തില്‍ നില്ക്കുമ്പോഴും താഴെയിട്ടും അടിച്ചതായാണ് പിടിയിലായ മുഖ്യപ്രതി ലത്തീഫ് ചോദ്യം ചെയ്യലില്‍ പോലീസില്‍ വെളിപ്പെടുത്തിയത്.
മെയ് 16-ന് പുലര്‍ച്ചെ പരിയാരം പാറോളിക്കടവില്‍നിന്നാണ് എസ്.ഐ.രാജന്‍ മണല്‍ മാഫിയയുടെ വാഹനത്തിലകപ്പെട്ടത്. ലോറിയില്‍ പോലീസ് കയറിയിട്ടുണ്ടെന്ന് ലത്തീഫിന് വിവരം കിട്ടിയതു മുതല്‍ അമിതവേഗത്തില്‍ ഓടിച്ച് താഴെയിടാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ വാഹനം നിര്‍ത്തി പൂഴി കോരാന്‍ കരുതിയ കൈക്കോട്ടിന്റെ പിടികൊണ്ടായിരുന്നു ആദ്യത്തെ അടി. താഴെവീണ എസ്.ഐ.യെ പിന്നീട് കാരക്കുണ്ടിനടുത്തുവെച്ച് ജാക്കിലിവര്‍ കൊണ്ട് വീണ്ടും അടിച്ചു. അബോധാവസ്ഥയിലായപ്പോള്‍ എസ്.ഐ.യെ റോഡരികില്‍ തള്ളി പ്രതികള്‍ ചെറുപുഴ ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തുവെന്ന് ചോദ്യം ചെയ്യലില്‍ ലത്തീഫ് പോലീസിനോട് പറഞ്ഞു.
എസ്.ഐ. രാജനോട് മുന്‍ വൈരാഗ്യത്തോടെയാണ് ലത്തീഫും കൂട്ടരും പെരുമാറിയത്. 'നിന്നെ തന്നെയാടാ കിട്ടേണ്ടതെ'ന്നും പറഞ്ഞായിരുന്നുവത്രെ അടി. ലത്തീഫിന് പോലീസിലെ ചിലരുമായി അടുത്ത ബന്ധമുണ്ട്. പൂഴി കടത്തുമ്പോള്‍ അത്തരക്കാരുടെ ഉപദ്രവം കുറവാണ്. എസ്.ഐ. രാജന്‍ മണല്‍ മാഫിയയുടെ വേട്ടക്കാരനായി ഇറങ്ങിയതാണ് പ്രതികളെ ക്ഷുഭിതരാക്കിയത്.
ഫോണ്‍വഴി വിവരമറിഞ്ഞും മറ്റും വാഹനത്തില്‍ കയറിപ്പറ്റിയ ആറംഗ സംഘമാണ് എസ്.ഐ.യെ ആക്രമിക്കുമ്പോള്‍ വാഹനത്തിലുണ്ടായത്. പോലീസ് ഓഫീസറെ റോഡില്‍ ഉപേക്ഷിച്ചശേഷം ചെറുപുഴയിലെ പെട്രോള്‍ പമ്പിലെത്തിയെന്നും ലോറി അവിടെ നിര്‍ത്തിയിട്ടുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പിന്നീട് സംഘം പലവഴിക്കാണ് പോയത്. ലത്തീഫ് കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടുവെന്നും കൂടെയുണ്ടായിരുന്നവര്‍ ഏതുവഴി പോയെന്ന് പ്രതിക്കറിയില്ലെന്നുമാണത്രെ പറഞ്ഞത്.
ഒളിവില്‍ താമസിക്കുന്നതിനിടയില്‍ നാട്ടില്‍ വന്ന ലത്തീഫിന് പണം സ്വരൂപിക്കലും വക്കീലിനെ കാണലുമായിരുന്നു ലക്ഷ്യം. പണിതീരാത്ത വീട്ടിലും കല്‍പ്പണയിലുമൊക്കെയാണ് ഒളിച്ചുനിന്നത്.
രഹസ്യസങ്കേതത്തില്‍ വെച്ചാണിപ്പോള്‍ പോലീസ് ലത്തീഫിനെ ചോദ്യം ചെയ്യുന്നത്. കുറേയേറെ വിവരങ്ങള്‍ പോലീസിന് ലഭിച്ചെങ്കിലും പല ചോദ്യങ്ങളോടും ലത്തീഫ് പ്രതികരിച്ചില്ലെന്നും പറയുന്നുണ്ട്. എസ്.ഐ.യെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 11 പ്രതികളെയാണ് പ്രാഥമികാന്വേഷണത്തിനുശേഷം ഉള്‍പ്പെടുത്തിയത്. ലത്തീഫിന്റെ ഒളിവുകാലത്തിനിടയില്‍ സഹായിച്ചവരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് നീക്കമാരംഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ പ്രതികളുടെ എണ്ണം കൂടും.
കേസിലെ ബാക്കി പ്രതികളുടെ കാര്യത്തിലും അന്വേഷണസംഘം കരുതലോടെയാണ് നീങ്ങുന്നത്. ഒളിവിലുള്ള പ്രതികളുടെ ഫോണ്‍ ഉപയോഗം വ്യക്തമാകാത്തത് ശാസ്ത്രീയമായ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പിടിയിലായ ലത്തീഫില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ തേടി മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.

 

 




MathrubhumiMatrimonial