Crime News

കോണ്‍ഗ്രസ്സുകാര്‍ പ്രതിയായ സി.പി. നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ അനുമതി

Posted on: 14 Jun 2015


തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി.നായരെ മലയാലപ്പുഴ അമ്പലത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. പത്തനംതിട്ടയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന പ്രതികളുടെ അപേക്ഷയിലാണ് സര്‍ക്കാര്‍ തീരുമാനം.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ കത്ത് കളക്ടര്‍ക്ക് അയക്കും. കളക്ടര്‍ ഇക്കാര്യം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വഴി കോടതിയെ അറിയിക്കും. കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ വിചാരണ പുരോഗമിക്കവേയാണ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്.
മലയാലപ്പുഴ അമ്പലത്തില്‍ ശതകോടി അര്‍ച്ചന നടത്തുന്നതുമായി ബന്ധപ്പെട്ടാണ് മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറുമായിരുന്ന സി.പി.നായര്‍ക്കെതിരെ വധശ്രമം നടന്നത്. ശതകോടി അര്‍ച്ചനയ്ക്കായി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ക്ഷേത്ര ഉപദേശക സമിതിയും നല്‍കിയ എട്ടരകോടിയുടെ ബജറ്റ് ദേവസ്വം കമ്മീഷണര്‍ സി.പി.നായര്‍ അംഗീകരിച്ചില്ല. ഇതേതുടര്‍ന്നായിരുന്നു തര്‍ക്കം ആരംഭിച്ചത്.
2002 മാര്‍ച്ച് 14ന് അമ്പലത്തില്‍ സി.പി.നായരെയും 7 ഉദ്യോഗസ്ഥരെയും ഉപദേശകസമിതി അംഗവും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവുമായ വെട്ടിയൂര്‍ ജ്യോതിപ്രസാദും സംഘവും ചേര്‍ന്ന് പൂട്ടിയിട്ട് ഉത്തരവില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. മൂന്നുമണിക്കൂര്‍ ഉദ്യോഗസ്ഥരെ തടങ്കലില്‍െവച്ചു. പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. അക്രമത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
ഉദ്യോഗസ്ഥരെ രക്ഷിക്കാനെത്തിയ പോലീസും ചില നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വധശ്രമം, ഭീഷണിപ്പെടുത്തല്‍, ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ഉള്‍പ്പെടുത്തിയായിരുന്നു കേസ്. അന്വേഷണം ഇഴഞ്ഞുനീങ്ങിയതിനെ തുടര്‍ന്ന് സി.പി. നായര്‍ നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ കഴിഞ്ഞ മാര്‍ച്ചുമുതല്‍ പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നു.
വിധിപറയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വെട്ടിയൂര്‍ ജ്യോതിപ്രസാദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ കത്ത നല്‍കിയത്.

 

 




MathrubhumiMatrimonial