Crime News

മൂന്ന് മാവോവാദികള്‍കൂടി കോയമ്പത്തൂരില്‍ അറസ്റ്റില്‍

Posted on: 14 Jun 2015


കോയമ്പത്തൂര്‍: മാവോവാദികളെന്ന് സംശയിക്കുന്ന മൂന്നുപേരെ കോയമ്പത്തൂരിലെ കോടൂര്‍പോലീസ് അറസ്റ്റ് ചെയ്തു. മഹാലിംഗപുരം സ്വദേശി പി. ഗണപതി (39), സുല്‍ത്താന്‍പേട്ട് സ്വദേശി എം. സെല്‍വരാജ് (55), അങ്കാളന്‍കുറിച്ചി സ്വദേശി ഡി. ശിങ്കാമണി (26) എന്നിവരാണ് അറസ്റ്റിലായത്.
ഒരു വിദ്യാര്‍ഥിയെ മാവോവാദിപ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമംനടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
2014 ജൂണ്‍ 14ന് ബി.എസ്സി. ബയോ ടെക്‌നോളജി വിദ്യാര്‍ഥി എ. സന്തോഷ്‌കുമാറിനെ കാണാതായ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് കേസെടുത്തത്. ആളിയാര്‍ അങ്കാളന്‍കുറിച്ചിയിലെ താമസക്കാരായ സന്തോഷ് കുമാറിന്റെ രക്ഷിതാക്കളും അയല്‍വാസികളുമായിരുന്നു പരാതിക്കാര്‍.
കേരളത്തിലെ മാവോവാദികളായ രൂപേഷിന്റെയും ഷൈനയുടെയും സഹപ്രവര്‍ത്തകരാണെന്ന് കരുതുന്ന എസ്. കണ്ണന്‍, കേരള പോലീസിന് നല്‍കിയ വിവരത്തില്‍ സന്തോഷ് കുമാറിനെ പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട്‌ചെയ്യാന്‍ അറസ്റ്റിലായവരെ ഉപയോഗപ്പെടുത്തിയിരുന്നതായി പറഞ്ഞിരുന്നു. പരിശീലനംനേടി കാട്ടിലേക്ക് പോകാന്‍ സന്തോഷിനെ പ്രേരിപ്പിച്ചതും പ്രതികളാണെന്ന് കേരളപോലീസിന് മൊഴി നല്‍കിയിരുന്നു.
ഈ മൊഴികളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സന്തോഷുമായി സംസാരിച്ചതായും പ്രസ്ഥാനത്തില്‍ അണിചേരാന്‍ നിര്‍ബന്ധിച്ചതായും വ്യക്തമായെന്ന് തീവ്രവാദി കേസ് അന്വേഷിക്കുന്ന പോലീസ് വ്യക്തമാക്കി.
ഗണപതിയെയും സെല്‍വരാജിനെയും ശിങ്കാമണിയെയും ചോദ്യംചെയ്തപ്പോള്‍ മാവോവാദി ആശയത്തോട് അനുഭാവവും യോജിപ്പുമുള്ളവരെ കണ്ടെത്തി പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതായി അവര്‍ സമ്മതിച്ചു. ഗൂഢാലോചനയ്ക്കും തീവ്രവാദിസംഘടനയോട് ആഭിമുഖ്യം കാണിച്ചതിനും സെക്ഷന്‍ 18ബി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രൂപേഷും ഷൈനയും അവരോടൊപ്പമുള്ള മൂന്ന് സഹായികളും യുവാക്കളെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരാന്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം നടത്തിയതായി പോലീസുദ്യോഗസ്ഥര്‍ പറയുന്നു.

 

 




MathrubhumiMatrimonial