
വിവസ്ത്രരായി ഫോട്ടോ: വിദേശികള്‍ക്ക് മലേഷ്യയില്‍ തടവുംപിഴയും
Posted on: 13 Jun 2015

കോലാലംപൂര്‍: കിനാബലു പര്‍വതത്തില്‍ വിവസ്ത്രരായി ഫോട്ടോയ്ക്കു പോസ് ചെയ്ത നാലു വിദേശ വിനോദസഞ്ചാരികള്‍ക്ക് മലേഷ്യയില്‍ മൂന്നുദിവസം തടവും പിഴയും ശിക്ഷ വിധിച്ചു. നാലുപേരെയും നാടുകടത്താനും തീരുമാനമായി.
കാനഡ, ബ്രിട്ടന്‍, ഹോളണ്ട് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍. 1,330 ഡോളര്‍ (85,000 രൂപ) പിഴയും മൂന്നുദിവസത്തെ തടവുമാണ് ശിക്ഷ വിധിച്ചത്. തടവ് ഇതിനകം പൂര്‍ത്തിയാക്കിയതിനാല്‍ പിഴയടച്ചാല്‍ മതി. ഇല്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണം.
മലേഷ്യയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമാണ് വിശ്വാസികള്‍ വിശുദ്ധമായി കണക്കാക്കുന്ന കിനാബലു. കഴിഞ്ഞയാഴ്ച ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ 18 പേര്‍ മരിച്ചിരുന്നു. ഇതിനു മുമ്പാണ് ഇവര്‍ പര്‍വതത്തിനുമുകളില്‍ കയറി ഫോട്ടോ എടുത്തത്. ഇവരുടെ ചെയ്തി മൂലമാണ് ഭൂകമ്പമുണ്ടായത് എന്നുവരെ പ്രചാരണങ്ങളുണ്ടായിരുന്നു.
