goodnews head

ബ്ലോക്കിന്റെ ചുവരില്‍ കരുതലിന്റെ ചിത്രങ്ങള്‍

Posted on: 09 Jun 2015

ശ്രീശോബ് യു.എസ്‌



കൊടകര ബ്ലോക്ക് ഓഫീസിന്റെ ചുവര് ഇന്നൊരു ചിത്രപ്പുരയാണ്. '700 കോടി സ്വപ്‌നങ്ങള്‍ ഒരേയൊരു ഗ്രഹം കരുതലോടെ ഉപയോഗിക്കുക' എന്ന സന്ദേശവുമായി ചിത്രകാരന്‍ കെ.ജി ബാബു വരച്ച ചിത്രം, 26 അടി നീളമുള്ള കാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്.

ഭൂമിയിലെ എഴുന്നൂറ് കോടി വരുന്ന ജനം ഭൂമിയെ ഇച്ഛാനുസരണം ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് വിപരീതഫലമുണ്ടാക്കുമെന്ന ഓര്‍മപ്പെടുത്തലാണ് ചിത്രം നല്‍കുന്നത്. ജൈവവൈവിദ്യങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവുന്ന സമ്പത്തുകള്‍ വരുംതലമുറക്ക് കൈമാറാന്‍ ചിത്രം ആഹ്വാനം ചെയ്യുന്നു.

ബ്ലോക്കിന്റെ നീര്‍ത്തട സംയോജിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജൈവവൈവിധ്യം ചിത്രീകരിക്കുന്ന ചിത്രം ഓഫീസില്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിനും ചിത്രം ഉപയോഗിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വി.എസ് ജോഷി പറഞ്ഞു. ഒരാഴ്ച്ച കൊണ്ടാണ് ബാബു ചിത്രം പൂര്‍ത്തിയാക്കിയത്. വേലൂപ്പാടം സ്വദേശിയാണ് ബാബു.

കഴിഞ്ഞവര്‍ഷം ചൈനീസ് സാംസ്‌ക്കാരിക വകുപ്പ് നടത്തിയ അന്തര്‍ദേശീയ ശില്‍പ്പശാലയിലേക്ക് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ചിത്രകാരന്‍മാരില്‍ ഒരാളായിരുന്നു ബാബു. ദക്ഷിണ കൊറിയയില്‍ നടന്ന ബുസാന്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌ഷോയില്‍ ബാബുവിന്റെ 'ലിറ്റില്‍ ബേര്‍ഡ്' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കേന്ദ്രലളിതകലാ അക്കാദമിയുടെ 'ആര്‍ട്ടിസ്റ്റ് ഇന്ത്യ' ചിത്രപ്രദര്‍ശനത്തില്‍ എം.എഫ് ഹുസൈന്‍, എഫ്.എന്‍ സൂസ, എസ്.എച്ച് റാസ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം ബാബുവിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരുന്നു. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ വിലാപങ്ങള്‍ ബാബുവിന്റെ ചിത്രങ്ങളില്‍ പതിവായി വിഷയമാവാറുണ്ട്. നിരാലംബയായ ആദിവാസി പെണ്‍കുട്ടി, ശ്യാമയെന്ന പാടുന്ന പക്ഷി, മളങ്കാട്, ഇടണയിലകള്‍ എന്നിവയെല്ലാം ബ്ലോക്ക് ഓഫീസിന്റെ ചുവരിലെ ചിത്രങ്ങളിലുണ്ട്.

 

 




MathrubhumiMatrimonial