
വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് വക പഠനസഹായി
Posted on: 06 Jun 2015
ടി.സോമന്‍

നെടിയിരുപ്പ്(മലപ്പുറം): പാഠ്യവിഷയം പഞ്ചായത്തുകളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെങ്കിലും ഒരു പഠനസഹായി തയ്യാറാക്കി നെടിയിരുപ്പ് പഞ്ചായത്ത് മാതൃകയാകുന്നു.
അമൃത് എന്നപേരില്‍ പഞ്ചായത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകം മൂന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള ആരോഗ്യപാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്.പകര്‍ച്ച വ്യാധികള്‍,മാലിന്യ പ്രശ്‌നങ്ങളും പരിഹാരങ്ങളും,ജലസുരക്ഷ,ജീവിതശൈലീ രോഗങ്ങള്‍,ആരോഗ്യകരമായ ഭക്ഷണം,അടുക്കളയിലെ രസതന്ത്രം,പ്രഥമ ശുശ്രൂഷ,മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ലളിതവും സമഗ്രവുമായി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതോടൊപ്പം കുട്ടികള്‍ക്ക് പ്രവര്‍ത്തന മാതൃകകളും തയ്യാറാക്കിയിട്ടുണ്ട്.കാര്യങ്ങള്‍ കുട്ടികള്‍ എത്രത്തോളം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് പ്രായോഗിക പരിശീലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും വിധമാണിത്.കൂടാതെ മൂന്ന് ഡി.വി.ഡി കളിലായി 45 വീഡിയോ ക്ലിപ്പിങ്ങിലൂടെയും പഠനഭാഗങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.സ്മാര്‍ട്ട് ക്ലാസ് റൂം വഴി കുട്ടികള്‍ക്ക് വീഡിയോ കണ്ട് മനസ്സിലാക്കാനാണിത്.
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പകര്‍ച്ച വ്യാധി നിയന്ത്രണ പ്രൊജക്ടിന്റെ ഭാഗമായാണ് പുസ്തകമിറക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ഷീബ പറഞ്ഞു.നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രമാണ് പുസ്തകം തയ്യാറാക്കിയത്.മെഡിക്കല്‍ ഓഫീസര്‍ ഡോ.അബൂബക്കര്‍ നാലകത്തിന്റെ സഹായത്തോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകനുമായ സി.പി.സുരേഷ്ബാബുവും സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായ ടി.വി.കൃഷ്ണ പ്രകാശിന്റെ നേതൃത്വത്തിലുള്ള അധ്യാപക സംഘത്തിന്റെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് അമൃത് എന്ന കൈപ്പുസ്തകം.
