Crime News

കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Posted on: 06 Jun 2015


ഉദുമ: വധശ്രമം ഉള്‍പ്പെടെയുള്ള 10 കേസുകളില്‍ പ്രതിയായ യുവാവിനെ 'കാപ്പ' ചുമത്തി അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം മാങ്ങാട് ഭാഗത്തുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ചോയിച്ചിങ്കലെ ബി.എ.ഖാലിദി(25)നെ ബേക്കല്‍ പോലീസ് പിടികൂടി ജയിലിലടച്ചത്. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെ മാങ്ങാട്ടുവെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഖാലിദ് പോലീസ് പിടിയിലായത്.

2012 ജനവരി നാലിന് മാങ്ങാട്ടെ സുധാകരനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും 2012 നവംബറില്‍ ചോയിച്ചിങ്കാലിലെ സുധീര്‍കുമാറിനെ ഇരുന്പുവടികൊണ്ട് തലയ്ക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. 2014 ജൂണ്‍ 26-ന് വിനോദിനെ അടിച്ച കേസിലും അയ്യങ്കോലിലെ മാധവിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വീട് തകര്‍ത്ത കേസിലും 2015 മെയില്‍ മാങ്ങാട്ടെ മനോജ്കുമാറിനെ അടിച്ച് പരിക്കേല്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

പൊതുജനങ്ങളില്‍ ഭീതിയും ജീവിതത്തിന് തടസ്സവും സൃഷ്ടിക്കുന്ന ഖാലിദിനെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് തടയാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് കരുതല്‍തടങ്കലില്‍ അറസ്റ്റുചെയ്തതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം മാങ്ങാട്ടുണ്ടായ കലാപങ്ങളില്‍ എടുത്ത രണ്ട് കേസില്‍ ഖാലിദ് പ്രതിയാണ്. ഹൊസ്ദുര്‍ഗ് സി.ഐ. യു.പ്രേമന്‍, ബേക്കല്‍ എസ്.ഐ. പി.നാരായണന്‍ എന്നിവരുടെ നേത്വത്തിലുള്ള സംഘമാണ് ഖാലിദിനെ പിടികൂടിയത്.

 

 




MathrubhumiMatrimonial