Crime News

കളമശ്ശേരി ഭൂമി തട്ടിപ്പ്: ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചെന്ന് സി.ബി.ഐ.

Posted on: 06 Jun 2015


പ്രതികളെ 17 വരെ റിമാന്‍ഡ് ചെയ്തു
രേഖകള്‍ തിരുത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം
കൂടുതല്‍ രേഖകള്‍ പരിശോധിക്കുമെന്ന് സി.ബി.ഐ.


കൊച്ചി:
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൂന്ന് റവന്യു ഉദ്യോഗസ്ഥരും കുറ്റം സമ്മതിച്ചെന്ന് സി.ബി.ഐ. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമായിരുന്നു രേഖകള്‍ തിരുത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉന്നതോദ്യോഗസ്ഥരെ കേസില്‍ ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ. പറഞ്ഞു. തൃക്കാക്കര മുന്‍ വില്ലേജ് ഓഫീസര്‍ ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ കിഴക്കേവീട്ടില്‍ സാബു (53), വില്ലേജ് അസിസ്റ്റന്റ് ചേര്‍ത്തല പൂച്ചാക്കല്‍ പുത്തന്‍പുരയില്‍ മുറാദ് (40), കളക്ടറേറ്റിലെ ക്ലര്‍ക്ക് മുളന്തുരുത്തി എടപ്പങ്ങാട്ടില്‍ ഗീവര്‍ഗീസ് (47) എന്നിവരാണ് കുറ്റം സമ്മതിച്ചത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 17 വരെ റിമാന്‍ഡ് ചെയ്തു.

ചതിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവയുള്‍പ്പെടെ നാല് വകുപ്പുകളിലാണ് പ്രതികള്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തിരുന്നത്. രേഖകളില്‍ കൃത്രിമം കാണിച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സലിംരാജിന് അനുകൂലമാക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് സി.ബി.ഐ. പറഞ്ഞു. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം, തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ തണ്ടപ്പേര് റദ്ദാക്കിയത്. രേഖകളില്‍ കൃത്രിമം കാണിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇതിന് ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക ലഭിച്ചിട്ടുണ്ട്.

തട്ടിപ്പ് സംബന്ധിച്ച് വിവിധ റവന്യു ഓഫീസുകളില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍ ലഭിച്ചതായി സി.ബി.ഐ. കോടതിയെ ബോധിപ്പിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സി.ബി.ഐ. കോടതിയില്‍ പറഞ്ഞു. കളമശ്ശേരിയില്‍ 25 കോടി രൂപ വില വരുന്ന 116 സെന്റ് സ്ഥലം വ്യാജ രേഖകള്‍ ചമച്ച് സലിംരാജ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

 

 




MathrubhumiMatrimonial