
മുഖം മറയ്ക്കാതെ മുരുകേശന്‍ പറയുന്നു; ഇത് രണ്ടാം ജന്മം
Posted on: 04 Jun 2015

കൊച്ചി: ഡോക്ടര്‍ പ്രഖ്യാപിച്ച വിധിയും കാത്ത് വീടിന്റെ നാല് ചുവരിനുള്ളില്‍ ഒതുങ്ങുകയായിരുന്നു മുരുകേശന്‍; രണ്ട് മാസം മുന്‍പ് വരെ. മുഖക്കുരു പോലെ വന്ന് മുഖം മുഴുവന്‍ കവര്‍ന്ന അര്‍ബുദത്തിന്റെ പിടിയില്‍ നിന്നൊരു തിരിച്ചുവരവ് മുരുകേശന്‍ പ്രതീക്ഷിച്ചതല്ല. 'ആറ് മാസമായിരുന്നു ഡോക്ടര്‍ പറഞ്ഞ കാലാവധി. അതെല്ലാം പിന്നിട്ട് ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നില്ലേ.... ശരിക്കും ഇതെന്റെ രണ്ടാം ജന്മമാണ്' ഇടറുന്ന ശബ്ദത്തെ വെല്ലാനെന്ന മട്ടില്‍ ഉറക്കെയാണ് മുരുകേശന്റെ സംസാരം.
എറണാകുളം റിനൈ മെഡിസിറ്റിയില്‍ മാര്‍ച്ച് 17 ന് നടന്ന അര്‍ബുദ ശസ്ത്രക്രിയയാണ് മുരുകേശന്റെ ജീവിതം മാറ്റിമറിച്ചത്. പഴയ മുഖം പൂര്‍ണമായും തിരിച്ചുകിട്ടിയില്ലെങ്കിലും കാഴ്ചയെ മറച്ചുനിന്ന തടസ്സങ്ങളെല്ലാം മാറി. ചെറിയ കാത്തിരിപ്പിനൊടുവില്‍ മുഖത്തിന്റെ പഴയ ആകൃതിയും തിരിച്ചുകിട്ടുമെന്നാണ് ഡോക്ടര്‍മാരുടെ ഉറപ്പ്.
എറണാകുളം നെട്ടൂര്‍ സ്വദേശിയാണ് മുരുകേശന്‍ (55). തൃശ്ശൂര്‍ കാഴ്ചബംഗ്ലാവില്‍ തോട്ടക്കാരനായി ജോലിചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മൂക്കിന് മുകളില്‍ ചെറിയ കുരുവായിട്ടായിരുന്നു തുടക്കം. കാഴ്ചക്കുറവിന് ചികിത്സ തേടിയപ്പോള്‍ ഡോക്ടറാണ് കുരു പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. പരിശോധനയില്‍ കുരു മൂക്കിനകത്തേക്ക് വളര്‍ന്നതായി കണ്ടെത്തി. പിന്നീടിത് പുറത്തേക്ക് കാഴ്ച മറയ്ക്കുന്ന വിധത്തില്‍ വളര്‍ന്നു.
ശസ്ത്രക്രിയ സാധ്യമല്ലെന്ന് ഡോക്ടര്‍മാരെല്ലാം അഭിപ്രായപ്പെട്ടു. ഇതിനിടെയാണ് റിനൈ മെഡിസിറ്റിയില്‍ അര്‍ബുദ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. തോമസ് വര്‍ഗീസിന്റെ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ കോണ്‍ട്രോ സര്‍കോമ വിഭാഗത്തില്‍പ്പെട്ട അര്‍ബുദമാണെന്ന് കണ്ടെത്തി. കാഴ്ച നഷ്ടമാകാതെ ഇത് പൂര്‍ണമായും മാറ്റാനാകുമെന്നും പറഞ്ഞു.
ശസ്ത്രക്രിയ നടത്തുന്ന സമയത്ത് മുഴ രണ്ട് സെന്റിമീറ്ററില്‍ നിന്ന് 20 സെന്റിമീറ്റര്‍ നീളത്തിലേക്കും വീതിയിലേക്കും വളര്‍ന്നിരുന്നു. അര കിലോയായിരുന്നു ഭാരം.
18 മണിക്കൂര്‍ നീണ്ടു, ശസ്ത്രക്രിയ. ക്രാനിയോ ഫേഷ്യല്‍ റിെസക്ഷന്‍ എന്ന ശസ്ത്രക്രിയയിലൂടെ മൂക്കും തലയോട്ടിയുടെ അടിത്തട്ടും ഉള്‍പ്പെടുന്ന ഭാഗം നീക്കം ചെയ്തു. തുടര്‍ന്ന് മൈക്രോ വാസ്‌കുലര്‍ ശസ്ത്രക്രിയയിലൂടെ ഈ ഭാഗം പുനഃസൃഷ്ടിച്ചു. മൂക്കിന് മുകളിലുള്ള ഭാഗം പഴയ രീതിയിലാക്കാന്‍ തുടര്‍ ശസ്ത്രക്രിയകള്‍ ആവശ്യമാണെന്ന് ഡോ. തോമസ് വര്‍ഗീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ശരീരത്തില്‍ നിന്നുള്ള ഭാഗം ഉപയോഗിച്ച് മൂക്ക് പുനര്‍നിര്‍മിക്കും.
4,85,000 രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവായത്. ന്യൂറോളജി ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. പി. സുബ്രഹ്മണ്യം, പ്ലാസ്റ്റിക് ആന്‍ഡ് മൈക്രോ വാസ്‌കുലര്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് തറയില്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. സന്തോഷ് മോഹന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
