
ഈ തങ്കമനസ്സിന് ഒരു ബിഗ് സല്യൂട്ട്...
Posted on: 02 Jun 2015

അടൂര്‍: ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ സ്വര്‍ണാഭരണം, ആ വലിയ മനസ്സിനുടമ തന്റെ കൈകളിലേക്ക് വെച്ചതരുമ്പോള്‍ ജോഷിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും നനവുപടര്‍ന്നു. വിമുക്തഭടനും അടൂര്‍ എസ്.ബി.ടി.യിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പെരിങ്ങനാട് മലമേക്കര സനില്‍ സദനത്തില്‍ മുരളീധരന്‍പിള്ളയാണ് തനിക്ക് കളഞ്ഞുകിട്ടിയ 5 പവന്‍ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരികെനല്‍കി മാതൃക കാട്ടിയത്.
പെരിങ്ങനാട് പുതുക്കാട്ട് വീട്ടില്‍ ജോഷിന്‍ അച്ചാമ്മ തോമസിന്റെ നഷ്ടപ്പെട്ട സ്വര്‍ണാഭരണമാണ് മധുസൂദനന്‍പിള്ളയുടെ സന്മനസ്സുകൊണ്ട് തിരികെ ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോഷിനും അച്ഛന്‍ തോമസ് എബ്രഹാം തടത്തിലും ഒരുമിച്ച് അടൂരില്‍ ബാങ്കിലേക്ക് പോകുന്നവഴിക്ക് ഹൈസ്‌കൂള്‍ ജങ്ഷനു സമീപം കാര്‍ നിര്‍ത്തി ആഭരണപ്പെട്ടിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ നഷ്ടപ്പെടുകയായിരുന്നു. ബാങ്കിലെത്തി പെട്ടി തുറന്നുനോക്കുമ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരമറിയുന്നത്.
ശനിയാഴ്ച ഉച്ചയോടെ അക്ഷയകേന്ദ്രത്തില്‍ പോകുന്നതിന് ഹൈസ്‌കൂള്‍ ജങ്ഷനില്‍ വാഹനം നിര്‍ത്തിയപ്പോള്‍ സമീപത്തെ റോഡരികില്‍ കിടക്കുന്ന ആഭരണം മധുസൂദനന്‍പിള്ളയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മധുസൂദനന്‍പിള്ള വിവരം 'മാതൃഭൂമി'യെ അറിയിച്ചു. മാതൃഭൂമിയില്‍നിന്ന് വിവരമറിഞ്ഞ ജോഷിനും ഭര്‍തൃപിതാവ് പി.ജി.വര്‍ഗീസും തിങ്കളാഴ്ച 4ഓടെ അടൂര്‍ സി.ഐ. ഓഫീസിലെത്തി. സി.ഐ. എസ്.നന്ദകുമാറിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മുരളീധരന്‍പിള്ളയില്‍നിന്ന് ആഭരണം ഏറ്റുവാങ്ങി. മുരളീധരന്‍പിള്ളയുടെ വലിയ മനസ്സിനെ സി.ഐ. എസ്.നന്ദകുമാര്‍ അഭിനന്ദിച്ചു. 'മറ്റൊരാളിന്റെ സമ്പത്ത് അര്‍ഹതയില്ലാതെ അനുഭവിക്കുന്നത് ജീവിതത്തില്‍ ഫലംചെയ്യില്ല...' ലക്ഷത്തില്‍പരം വിലയുള്ള ആഭരണം മടക്കിനല്‍കി മുരളീധരന്‍പിള്ള ഉറച്ച ശബ്ദത്തില്‍ ഇതുപറയുമ്പോള്‍ ആ കണ്ണുകള്‍ക്ക് നന്മയുടെ പൊന്‍തിളക്കമുണ്ടായിരുന്നു.
